അനാവശ്യമായ പേഴ്‌സണല്‍ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്ത് ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്‌സണല്‍ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളതെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ ഇത്തരം് നിയമനങ്ങള്‍ക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷത്തിനെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നവര്‍ക്ക് കേരളത്തില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നു. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി 15% പേരെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ പോലും 30 ഓളം പേരുണ്ട്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇതു തന്നെയാണ് അവസ്ഥ. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവല്ല, പരിചാരക നേതാവാണ്. രാജസദസ്സുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ജനങ്ങളുടെ പക്ഷം പറയേണ്ടയാളാണ് പ്രതിപക്ഷ നേതാവ്. എന്നാല്‍, സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുന്നയാളാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ചപ്പോള്‍ ആദ്യം പ്രതിരോധിച്ചത് സതീശനാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ സതീശന്‍ ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞു’- സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പേഴ്ണല്‍ സ്റ്റാഫ് നിയമനങ്ങളുടെയും പെന്‍ഷന്റെയും പേരില്‍ ഖജനാവ് കൊള്ളയടിക്കുന്ന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ‘യൂത്ത് ഓണ്‍ സ്ട്രീറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.