രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വൈറ്റമിൻ സി. ചർമ്മത്തിന് ആരോഗ്യ ഗുണങ്ങളേകാനും വൈറ്റമിൻ സി സഹായിക്കും. മനുഷ്യശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധിക്കാത്ത വൈറ്റമിൻ ആണിത്. അതിനാൽ വൈറ്റമിൻ സി ശരീരത്തിൽ കൂടിയ അളവിൽ ആവശ്യമാണ്. ചെറുരക്തക്കുഴലുകൾ, എല്ലുകൾ, പല്ലുകൾ, കൊളാജൻ കലകൾ എന്നിവയ്‌ക്കെല്ലാം വൈറ്റമിൻ സി ആവശ്യമാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഫലവർഗങ്ങളെ പരിചയപ്പെടാം.
- പപ്പായ
വൈറ്റമിൻ സിയുടെ കലവറയാണ് പപ്പായ. ഒരു കപ്പ് പപ്പായയിൽ 88 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്. നാരുകൾ ധാരാളമടങ്ങിയ പപ്പായ ക്രമം തെറ്റിയ ആർത്തവം ഉള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്.
- പൈനാപ്പിൾ
വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലവർഗങ്ങളിലൊന്നാണ് പൈനാപ്പിൾ. ഒരു സെർവിങ്ങിൽ 79 മി.ഗ്രാം വൈറ്റമിൻ സി പൈനാപ്പിളിലുണ്ട്. എല്ലുകളെ ശക്തിപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്.
- കിവിപ്പഴം
പ്രമേഹ രോഗികളും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും തിവിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. 137 മി.ഗ്രാം വൈറ്റമിൻ സി യാണ് രണ്ടു കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ളത്.
- പേരയ്ക്ക
കാലറി കുറഞ്ഞ ഒരു ഫലവർഗമാണ് പേരയ്ക്ക. അന്നജവും നാരുകളും മിതമായ അളവിൽ അടങ്ങിയ പേരയ്ക്ക വൈറ്റമിൻ സിയുടെ കലവറയാണ്. ഒരു പേരയ്ക്കയിൽ നിന്നും 126 മി.ഗ്രാം വൈറ്റമിൻ സി ലഭിക്കും
- കാപ്‌സിക്കം
വൈറ്റമിൻ സി ധാരാളമായടങ്ങിയ ഒന്നാണ് കാപ്‌സിക്കം. ഇടത്തരം വലുപ്പമുള്ള ഒരു ചുവപ്പു കാപ്‌സിക്കത്തിൽ 152 മി.ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. പച്ച കാപ്‌സിക്കത്തിൽ 96 മി.ഗ്രാമും മഞ്ഞ കാപ്‌സിക്കത്തിൽ 218 മി. ഗ്രാം വൈറ്റമിൻ സിയുമാണ് അടങ്ങിയിട്ടുള്ളത്.

