ന്യൂഡൽഹി: 20,000 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്ന് ഒഴിപ്പിക്കാനുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. യുക്രൈനിലെ സാഹചര്യം സങ്കീർണമാണെന്നും 4000 പേരെയാണ് ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട്, ഹംഗറി, റുമാനിയ, സ്ലോവാക്യ എന്നീ നാലു രാജ്യങ്ങളുടെ അതിർത്തികൾ വഴിയായിരിക്കും ഒഴിപ്പിക്കൽ നടപടികൾ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഴിപ്പിക്കാനുള്ളവരെ റോഡുമാർഗം യുക്രെയ്‌നിന്റെ അയൽ രാജ്യങ്ങളിലെത്തിച്ചായിരിക്കും രക്ഷാ പ്രവർത്തനങ്ങൾ നടത്തുക. റോഡ് മാർഗമുള്ള രക്ഷാദൗത്യത്തിന്റെ റൂട്ട് തയാറാണെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ അതിർത്തിയിൽ ക്യംപ് ഓഫിസുകൾ തുടങ്ങും. ദൗത്യസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചുവെന്നും രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സംഘങ്ങളെ അയച്ചുവെന്നും അദ്ദേഹം വിശദമാക്കുന്നു.
യുക്രൈന്റെ അയൽരാജ്യങ്ങളുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബന്ധപ്പെട്ടു. വ്യോമസേനയെയും രക്ഷാദൗത്യത്തിനായി ഉപയോഗിക്കും. ഇതേക്കുറിച്ച് പ്രതിരോധ മന്ത്രാലയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തുന്നുണ്ട്.

