യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്പ് നിർത്തണമെന്നും മോദി പുടിനോട് അഭ്യർഥിച്ചു. ചർച്ചകളിലൂടെ റഷ്യ നാറ്റോ ഭിന്നത പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയെ കുറിച്ചും മോദി പുടിനോട് സംസാരിച്ചു. 25 മിനിറ്റോളം ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുക്രൈനുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് പുടിൻ മോദിയോട് വിശദമാക്കി നൽകുകയും ചെയ്തു. അതേസമയം, ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണയായി.

യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. തുടർന്നാണ് മോദി പുടിനുമായി സംസാരിച്ചത്. ഇന്ത്യയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും യുക്രൈൻ അറിയിച്ചിരുന്നു. തങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണെന്നും ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളിൽ ഒരാളായ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണമെന്നും യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ അഭ്യർത്ഥിച്ചിരുന്നു.