റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് ക്ലിക്കായി; സര്‍ക്കാരിന് മാസവരുമാനം കോടികള്‍

തിരുവനന്തപുരം: റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിച്ച് മൂന്നു മാസം പിന്നിടുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത് ഒരുകോടി രൂപയിലധികം രൂപ. കേരള പിറവി ദിനത്തിലാരംഭിച്ച 13,435 ഓണ്‍ലൈന്‍ ബുക്കിംഗുകളിലൂടെ 83,11,151 രൂപയാണ് ലഭിച്ചത്. റെസ്റ്റ് ഹൗസ് കൗണ്ടറുകളിലൂടെയുള്ള 4,524 ബുക്കിംഗുകളിലൂടെ 28,70,369 രൂപയും ലഭിച്ചു. ആകെ 17,959 ബുക്കിംഗുകളിലൂടെ ലഭിച്ചത് 1,11,81,520 രൂപ. ഇതാദ്യമായാണ് ഇത്രയും വരുമാനം ലഭിക്കുന്നത്.

സംസ്ഥാനത്തെ 151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളാണ് ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനമുള്ളത്. തലസ്ഥാനത്തെ തൈയ്ക്കാട് റസ്റ്റ് ഹൗസാണ് ബുക്കിംഗ് വരുമാനത്തില്‍ ഒന്നാമത്. ചാലക്കുടി, മൂന്നാര്‍, എറണാകുളം എന്നിവയാണ് തൊട്ടുപിന്നില്‍. റെസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ കാന്റീന്‍, പാര്‍ക്കിംഗ്, റിഫ്രഷ്മെന്റ് സൗകര്യങ്ങളും വിപുലീകരിക്കുകയാണ്. വൈദ്യുതി തടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജനറേറ്റര്‍, ഇന്‍വര്‍ട്ടര്‍ സംവിധാനങ്ങളും സജ്ജമാക്കും. സന്ദര്‍ശകരുടെ അഭിപ്രായം മാനിച്ച് വിശ്രമ മന്ദിരങ്ങളില്‍ ഭിന്നശേഷി സൗഹൃദമാക്കാനും, കംഫര്‍ട്ട് സ്റ്റേഷനുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് ‘പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി’ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാക്കിയത്.

റെസ്റ്റ് ഹൗസുകളുടെ ചിത്രങ്ങളും വിലാസവും ഫോണ്‍ നമ്പരും www.resthouse.pwd.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിംഗിലോ റെസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനത്തിലോ ബുദ്ധിമുട്ടുണ്ടായാല്‍ 04712996946, 2997946, 2998946 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കാന്‍സലേഷനും നിരക്ക് പരിശോധിക്കാനും സേവനം വിലയിരുത്താനുമുള്ള സംവിധാനവും ഓണ്‍ലൈനിലുണ്ട്.

മൂന്നുമാസത്തെ ഓണ്‍ലൈന്‍ ബുക്കിംഗ്- 13,435

വരുമാനം- 83,11,151 രൂപ

റെസ്റ്റ് ഹൗസ് കൗണ്ടറുകളിലെ ബുക്കിംഗ്- 4,524

വരുമാനം- 28,70,369 രൂപ

ആകെ ബുക്കിംഗ്- 17,959

ആകെ വരുമാനം- 1,11,81,520 രൂപ

151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളില്‍ ഓണ്‍ ലൈന്‍ ബുക്കിംഗ്

നിരക്കുകള്‍

എ.സി റൂം:

ക്ലാസ്1- 1000രൂപ,

ക്ലാസ് 2- 750 രൂപ

നോണ്‍ എ.സി റൂം:

ക്ലാസ്1- 600രൂപ,

ക്ലാസ് 2- 400രൂപ

അഡിഷണല്‍ ബെഡിന്- 150 രൂപ