വികസനം ലക്ഷ്യം; സ്വകാര്യ വാണിജ്യ സമുച്ചയങ്ങള്‍ അടക്കം ഏറ്റെടുക്കാനൊരുങ്ങി അദാനി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നാം ടെര്‍മിനല്‍ നിര്‍മ്മാണം ഉള്‍പ്പെടെ വന്‍ വികസനത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സമീപത്തെ വാണിജ്യ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാനാണ് ആലോചന. വിമാനത്താവളത്തിലേക്ക് പാതയും പാര്‍വതി പുത്തനാറിന് കുറുകെ പാലവും നിര്‍മ്മിച്ച്, മൂന്നാം ടെര്‍മിനലും വാണിജ്യ കേന്ദ്രവും പണിയാനാണ് നീക്കം.

അതേസമയം, വിമാനത്താവള വികസനത്തിന് 18 ഏക്കര്‍ ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. എന്നാല്‍, അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതോടെ ഇനി അതുണ്ടാകുമോ എന്ന് സംശയമാണ്. അതിനാലാണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി നേരിട്ടു വാങ്ങാന്‍ അദാനി ശ്രമിക്കുന്നത്. വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ അടുത്ത വര്‍ഷമാദ്യം പുറത്തിറക്കുമെന്നാണ് സൂചന. ജലഗതാഗത പാത സജ്ജമാകുന്നതോടെ പാര്‍വതി പുത്തനാറിലേക്ക് വിമാനത്താവളത്തെ ബന്ധിപ്പിക്കും. റണ്‍വേ അടക്കമുളള വികസനം, കൂടുതല്‍ സര്‍വീസ്, നിരക്ക് കുറവ് എന്നിവയായിരിക്കും പ്രത്യേകതകള്‍.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സിക്കായി പ്രത്യേക പിക്കപ്പ് പോയിന്റുകള്‍ ആരംഭിക്കാനും അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സേവനം ലഭ്യമാക്കും. ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ക്ലിയര്‍ട്രിപ്പിന്റെ ഓഹരികള്‍ വാങ്ങാനും ഗൂപ്പിന് നീക്കമുണ്ട്.