സംസ്ഥാനത്ത് രണ്ടു തൊഴിൽ മേഖലകളിൽ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായതായി തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി. മദ്യ ഉല്പാദന വ്യവസായം തൊഴിലാളികളുടെയും അലുമിനിയം ആൻഡ് ടിൻ പ്രോഡക്ട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്. സംസ്ഥാനത്ത് മിനിമം വേതന ആക്റ്റിന്റെ ഷെഡ്യൂളുകളിൽപ്പെട്ട 87 – ഓളം തൊഴിൽ മേഖലകളിലാണ് മിനിമം വേതനം നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മിനിമം വേതന നിയമപ്രകാരം വേതനം കാലോചിതമായി പുതുക്കി വരുന്നു. തൊഴിലുടമ -തൊഴിലാളി- സർക്കാർ പ്രതിനിധികൾ അടങ്ങുന്ന മിനിമം വേജ് അഡ്വൈസറി ബോർഡ് ആണ് മിനിമം വേതനം സംബന്ധിച്ച ശുപാർശ കൈമാറുന്നത്. സംസ്ഥാനത്ത് കാലാവധി പൂർത്തിയായിട്ടും മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള എല്ലാ തൊഴിൽ മേഖലകളിലും മിനിമം വേതനം അടിയന്തിരമായി പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദേശം നൽകിയതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.
2022-02-24

