കൊച്ചി: ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി. രാമൻപിള്ളയെ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയ വിഷയത്തിൽ അതൃപ്തിയുമായി ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിഭാഷകർക്ക് നോട്ടിസ് നൽകരുതെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി. സോമരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഹൈക്കോടതിയുടെ ഇടപെടലുണ്ടായതോടെ ക്രൈംബ്രാഞ്ച് അഡ്വക്കേറ്റ് ബി രാമൻപിള്ളയെ ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചു. കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ കൈമാറാൻ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടരുതെന്നും കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറുന്നത് അഭിഭാഷകതത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി പറഞ്ഞു. ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ബി രാമൻപിള്ളക്ക് പോലീസ് നോട്ടീസ് നൽകിയത് തെറ്റായ നടപടിയാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സി പി പ്രമോദ് അഭിപ്രായപ്പെട്ടിരുന്നു. ഇത് അഭിഭാഷകരുടെ തൊഴിൽപരമായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബി. രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. താൻ അഭിഭാഷകനാണെന്നും ഹാജരാവാനാകില്ലെന്നുമായിരുന്നു രാമൻപിള്ളയുടെ പ്രതികരണം.

