ചെന്നൈ: കൂടംകുളം വിരുദ്ധ പ്രക്ഷോഭം കേരളത്തില്‍ ശക്തമാകാനുള്ള പ്രധാന കാരണം വേറൊന്നുമല്ല. കൂടംകുളം ആണവനിലയത്തില്‍ എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങളുണ്ടായാല്‍ 623 കിലോമീറ്റര്‍ ദൂരത്തുള്ള തമിഴ്‌നാടിന്റെ തലസ്ഥാനത്തേക്കാള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെയാണ്. തിരുനെല്‍വേലി ജില്ലയിലെ ഈ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും കേരളത്തിലും തമിഴകത്തും സജീവമാണ്.
ഇടക്കാലത്ത് കൂടംകുളം വിഷയം ശാന്തമായതാണ്. അതിനിടെയാണു പുതിയ പ്രതിസന്ധികള്‍ തലപൊക്കുന്നത്. ആണവനിലയത്തില്‍ വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിച്ച ആണവ ഇന്ധനം ശേഖരിക്കാനുള്ള അനുമതി കൂടി കൂടംകുളത്തിനു നല്‍കിയിരിക്കുകയാണിപ്പോള്‍. ഇതു തമിഴ്‌നാടിന്റെ മാത്രമല്ല, കേരളത്തിന്റെയും ആശങ്ക വര്‍ധിപ്പിക്കുകയാണ്. കടല്‍ത്തീരത്തു സ്ഥാപിച്ച ആണവനിലയം സൂനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ താങ്ങാന്‍ കെല്‍പുള്ളതാണോ എന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. ആണവനിലയത്തിന്റെ ഏതാനും കിലോമീറ്റര്‍ മാറി ജനവാസമുണ്ടെന്നതും ആശങ്കയുളവാക്കുന്നുണ്ട്.
1988ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചോവും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് കൂടംകുളവുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. 2002 മേയില്‍ നിര്‍റഷ്യന്‍ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവില്‍ കൂടംകുളത്ത് ആണവോര്‍ജ നിലയം നിര്‍മിച്ചത്. 6 റിയാക്ടറുകളില്‍ 1, 2 യൂണിറ്റുകള്‍ ഇതിനകം കമ്മിഷന്‍ ചെയ്തു, 3, 4 എണ്ണം നിര്‍മാണത്തിലാണ്, 5, 6 യൂണിറ്റുകള്‍ ഇനിയും സ്ഥാപിക്കാനുണ്ട്. 1996ല്‍ തുടങ്ങിയതാണ് ഇപ്പോള്‍ നടക്കുന്ന കൂടംകുളം പദ്ധതി. റഷ്യന്‍ റിയാക്ടറുകളാണ് ഉപയോഗിക്കുന്നത്. ഇന്ധനം പൂര്‍ണമായി ഇറക്കുമതി ചെയ്യണം. സംപുഷ്ട യുറേനിയം ആണ് ഇവിടെ ഇന്ധനമായി ഉപയോഗിക്കുന്നത്. ആണവബോംബ് നിര്‍മാണത്തിന് ഉപയോഗിക്കാനാവുന്നതാണ് ഇത്. അതിനാല്‍ത്തന്നെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വസ്തുക്കളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നതും. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിച്ച ആണവ ഇന്ധനം റഷ്യയിലേക്കു തിരികെ കൊണ്ടു പോകുമെന്നായിരുന്നു ആദ്യ കരാര്‍. എന്നാല്‍, റഷ്യയിലേക്കു കൊണ്ടുപോകാതെ, കൂടംകുളം പ്ലാന്റിന്റെ സമീപത്തു തന്നെ ഇന്ധനം സൂക്ഷിക്കാനാണ് ഇപ്പോള്‍ എന്‍പിസിഐഎല്‍ അനുമതി നല്‍കിയിരിക്കുന്നത്.
കടലിനോടു ചേര്‍ന്നുള്ള കൂടംകുളത്ത് ആണവ മാലിന്യം സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍ എന്‍പിസിഐഎല്‍ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തത്തെഴുതിയിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അപകടമുണ്ടായാല്‍ 200 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ സുരക്ഷിതരാക്കണം. 70 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ മുഴുവന്‍ ഒഴിപ്പിക്കണം. കൂടംകുളം ആണവനിലയത്തില്‍ സ്‌ഫോടനമുണ്ടായാല്‍ തിരുവനന്തപുരത്തെ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നും വിശാഖപട്ടണം ഗീതം സര്‍വകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഡയറക്ടര്‍ ടി. ശിവജി റാവു നേരത്തേത്തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

