ക്രമസമാധാനം തകര്‍ന്നെന്ന് യുഡിഎഫ്; രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന യുഡിഎഫിന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ആറ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മൂന്ന് എണ്ണത്തില്‍ പ്രതികള്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരും രണ്ടെണ്ണത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

25 . 5. 2016 മുതല്‍ 19 . 5 . 2021 വരെയുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1516 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്ക് എതിരെ 86390 അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 1677 കൊലപാതക കേസുകളുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്ത് നടന്ന കൊലപാതക കേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോണ്‍ഗ്രിസന്റേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.