ആഢംബര കാര്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ബെന്‍സ് വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 85 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് കാര്‍ ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍ വിശദീകരണവുമായി എത്തിയതോടെയാണ് ഗവര്‍ണര്‍ക്ക് ഇതില്‍ പങ്കില്ലെന്നും സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണ്ണറെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും വ്യക്തമാവുന്നത്.

അതേസമയം, ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 85 ലക്ഷം രൂപ അനുവദിക്കുകയും തുക രാജ്ഭവനു കൈമാറിയതിനെ തുടര്‍ന്നു വാഹനത്തിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. മുന്‍ ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖിന്റെ കാലത്ത് വാങ്ങിയ പഴയ ബെന്‍സ് കാര്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ കാര്‍ മാറ്റണമെന്നു മരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമമ്ദ് ഖാന്‍ 2 വര്‍ഷം മുന്‍പ് ചുമതലയേറ്റപ്പോള്‍ പുതിയ കാറിനു വേണ്ടി സര്‍ക്കാരിലേക്ക് എഴുതി. എന്നാല്‍, ഇത് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ല. രാജ്ഭവനിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് നടപടികള്‍ എടുത്തത്. പ്രോട്ടോകോള്‍ പ്രകാരമായിരുന്നു നടപടികള്‍ എല്ലാം. എന്നാല്‍ ഗവര്‍ണര്‍ ബെന്‍സിന് വേണ്ടി പിടിവാശി കാണിക്കുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

ഗവര്‍ണറുടെ കാര്‍ ഇതിനകം ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. ദൂരയാത്രയ്ക്ക് ഇതിനെ ആശ്രയിക്കാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ഇന്നോവയിലാണ് ഗവര്‍ണറുടെ സഞ്ചാരം. അതേസമയം, പുതിയ ബെന്‍സ് കാര്‍ വേണമെന്നു കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതു വാഹനം വേണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ആഡംബരക്കാര്‍ വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച ഫയല്‍ താന്‍ പരിശോധിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടുമില്ല. രാജ്ഭവനില്‍ ഇപ്പോഴുള്ള വാഹനങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം രാജ്ഭവനില്‍ വാഹനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഫയല്‍ നല്‍കിയത്. ഗവര്‍ണറുടെ കാറിന്റെ കാലാവധി താന്‍ കേരളത്തില്‍ എത്തുന്നതിന് 6-8 മാസങ്ങള്‍ക്കു മുമ്പ് തന്നെ അവസാനിച്ചെന്നും പുതിയ കാറിനായി സര്‍ക്കാരിന് കത്തെഴുതാന്‍ അനുമതി വേണമെന്നുമായിരുന്നു ഫയലില്‍ പറഞ്ഞിരുന്നത്.