തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു പദ്ധതിയും മുടങ്ങുന്നില്ലന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വഴിയൊരുക്കും. വിദേശ വായ്പയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡി പി ആര്‍ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാര്‍ശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങള്‍ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് അഭികാമ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വായ്പ വാങ്ങുന്നതില്‍ ഗ്യാരണ്ടി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. പദ്ധതക്കായി ഒന്നര ലക്ഷം കോടയിലേറെ ചിലവാകും.ഇത് താങ്ങാന്‍ കേരളത്തിനാകില്ല. പണം തിരിച്ചു കിട്ടുമെന്നുറപ്പുള്ളവര്‍ മാത്രമേ കടം നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സാങ്കേതിക സാമ്പത്തിക പ്രായോഗികത പരിഗണിച്ചാണ് നടപടിയെന്നും കേരള സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. പക്ഷെ, ഗ്യാരണ്ടി നല്‍കുമെന്ന ഫയലില്‍ ധനമന്ത്രി ഒപ്പിട്ടിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ധനമന്ത്രി നല്‍കിയില്ല.
കെ-റെയില്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്നും, ഇതിന് മറ്റൊരു ബദലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയിരുന്നു. പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

