ലഖ്‌നൗ: സ്വന്തം പരാജയം മറക്കാനാണ് യോഗി കേരളത്തെ അധിക്ഷേപിക്കുന്നതെന്ന പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനങ്ങളുടെ പേരിലല്ല, രാജ്യത്തെ ഒന്നായാണ് കാണേണ്ടത്. സമസ്ത മേഖലയിലും പരാജയമായതോടെ യോഗി മതത്തെ ഉപയോഗിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. വിദ്യാഭ്യാസത്തിലടക്കം കേരളം മുന്‍പന്തിയിലെത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചു.
‘യുപിയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും. ജനങ്ങള്‍ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഖിംപൂര്‍, ഉന്നാവോ കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നവര്‍ അധികാരത്തില്‍ ഇരിക്കുന്നവരോ അധികാരവുമായി ബന്ധപ്പെട്ടവരോ ആണ്. ഇരയെ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് അടക്കം ശ്രമിക്കുന്നത്. അക്രമങ്ങള്‍ക്ക് ഇരയായ ശേഷവും സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്’-പ്രിയങ്ക ആഞ്ഞടിച്ചു.
അതേസമയം, സര്‍വമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുമ്പിലാണ് കേരളമെന്നും, തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ‘ബിജെപി നേതാക്കളുടെ മുഖം കണ്ടിട്ട് ജയിക്കുമെന്ന് തോന്നുന്നുണ്ടോ. അവര്‍ ഉപയോഗിക്കുന്ന ഭാഷ നോക്കു. വികസനത്തെ കുറിച്ചല്ല വിവരക്കേടാണ് ബിജെപി നേതാക്കള്‍ പറയുന്നത്. യുപിയേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ. ആരോഗ്യം അടക്കമുള്ള മേഖലകളില്‍ കേരളത്തേക്കാള്‍ താഴെയാണ് യുപി. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ ആണ് നല്‍കിയത്’- അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും യുപി മുഖ്യമന്ത്രിക്ക് അറിയില്ല. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും ആക്രമം ഉണ്ടാക്കുന്നതിലും ജാതി കാര്യത്തിലുമാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

