ന്യൂഡൽഹി: ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ സൗജന്യങ്ങളും പാരിതോഷികങ്ങളും നൽകുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി. ആദായനികുതി നിയമത്തിലെ സെക്ഷൻ 37(1) പ്രകാരം ആദായ നികുതി ഇളവ് അവകാശപ്പെടാൻ കഴിയില്ലെന്നും സൗജന്യങ്ങളും പാരിതോഷികങ്ങളും ഒന്നും സാങ്കേതികമായി പറഞ്ഞാൽ സൗജന്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിതും, എസ്.രവീന്ദ്ര ഭട്ടും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു അർദ്ധ രക്ഷാധികാരി ബന്ധമാണ് ഡോക്ടർമാരും രോഗികളും തമ്മിലുള്ളത്. രോഗിയെ സംബന്ധിച്ച് അവസാന വാക്ക് ഡോക്ടറുടെ കുറിപ്പടിയാണ്. ഡോക്ടർ കുറിക്കുന്ന മരുന്ന് ഒരുപക്ഷേ രോഗിയുടെ കൊക്കിന് ഒതുങ്ങാത്തത് ആണെങ്കിൽ കൂടി. അത്രയ്ക്കാണ് ഡോക്ടർമാരിൽ രോഗികൾ അർപ്പിക്കുന്ന വിശ്വാസം. അതുകൊണ്ട് തന്നെ ഇത് വളരെ പൊതുജനപ്രാധാന്യമുള്ള വിഷയമാണ്. മരുന്ന് കമ്പനികൾ സൗജന്യം നൽകുമ്പോൾ ഡോക്ടറുടെ കുറിപ്പടിയെ ചൂഷണം ചെയ്യാനുള്ള സാധ്യത തുറക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സ്വർണ കോയിനുകൾ, ഫ്രിഡ്ജ്. എൽസിഡി ടിവി, വിദേശ യാത്രകൾ, മെഡിക്കൽ കോൺഫറൻസുകളുടെ ഫണ്ടിങ് അങ്ങനെ പല തരത്തിലാണ് സൗജന്യങ്ങൾ. അതുകൊണ്ട് തന്നെ ഈ സൗജന്യങ്ങൾ സാങ്കേതികമായി സൗജന്യമല്ല. സൗജന്യത്തിന്റെ ചെലവ് മരുന്നിലോ, മരുന്നിന്റെ വില കൂട്ടുന്നതിലോ ഒക്കെ നയിക്കുമെന്നും കോടതി പറഞ്ഞു. മരുന്ന് കമ്പനികളുടെ സൗജന്യം ഡോക്ടർമാർ സ്വീകരിക്കുന്നത് 2002 ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ ചട്ടം 6.8 പ്രകാരം ശിക്ഷാർഹമാണ്. സമ്മാനങ്ങൾ, പരിപാടികളുടെ സ്പോൺസർഷിപ്പുകൾ, ഗിഫ്റ്റ് കാർഡുകൾ, വില കൂടിയ ആനുകൂല്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദേശയാത്രകൾ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഡോക്ടർമാർക്കുള്ള മെഡിക്കൽ കൗൺസിലിന്റെ ധാർമികതാചട്ടങ്ങളിൽ മേൽപ്പറഞ്ഞ ഏതുവിധത്തിലുമുള്ള ആനുകൂല്യങ്ങളും അനുഭവിക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

