ചെന്നൈ: ഒമ്പത് മാസത്തെ മുഖ്യമന്ത്രി സ്റ്റാലിന്റെ ഭരണത്തിനുള്ള അഭിനന്ദനം കൂടിയാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം. നഗര തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡിഎംകെ തൂത്തു വാരി.
എഐഎഡിഎംകെയുടെ കോട്ടയായിരുന്ന പടിഞ്ഞാറന്‍ മേഖല ഡിഎംകെ പിടിച്ചടക്കിയിരിക്കുകയാണ്. ദ്രാവിഡ മോഡലിന് സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകാരം നല്‍കിയതിന് എം കെ സ്റ്റാലിന്‍ നന്ദി പറഞ്ഞു. 1374 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 289 സീറ്റുകളില്‍ ഡിഎംകെ ജയിച്ചു കഴിഞ്ഞു. മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെ 49 സീറ്റിലും ബിജെപി മൂന്നുസീറ്റിലും വിജയിച്ചു. 60.7 ആയിരുന്നു വോട്ടിംഗ് ശതമാനം.
കോര്‍പ്പറേഷനുകളിലെ 77 വാര്‍ഡുകളിലും, 128 മുന്‍സിപ്പാലിറ്റികളിലും, നഗര പഞ്ചായത്തുകളിലെ 385 വാര്‍ഡുകളിലും ഡിഎംകെ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ ഡിഎംകെ കേവല ഭൂരിപക്ഷം നേടി. 131 വാര്‍ഡുകളുടെ ഫലം വന്നപ്പോള്‍ 104 വാര്‍ഡിലും ഡിഎംകെ ജയിച്ചു. അതേസമയം, സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഏഴ് സീറ്റിലും സിപിഐ ഒരു സീറ്റിലും, സിപിഎം രണ്ട് സീററിലും ജയിച്ചു. എഐഡിഎംകെ 12 സീറ്റില്‍ ജയിച്ചു. ആകെ 200 വാര്‍ഡാണ് ഉള്ളത്. 2006 ല്‍ ഡിഎംകെ സഖ്യം 155 ല്‍ 150 ല്‍ ജയിച്ചിരുന്നു. 2011 ല്‍ 200 വാര്‍ഡില്‍ എഐഎഡിഎംകെ 168 സീറ്റില്‍ ജയിച്ചു.
മധുരൈ, കോയമ്പത്തൂര്‍, സേലം കോര്‍പ്പറേഷനുകളിലും ഡിഎംകെയുടെ മുന്നേറ്റം തന്നെയാണ്. എന്നാല്‍, കോര്‍പ്പറേഷനുകളിലെ 9 വാര്‍ഡുകളിലും. മുന്‍സിപ്പാലിറ്റികളില്‍ 90 വാര്‍ഡുകളിലും, 385 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് എഐഎഡിഎംകെ മുന്നേറ്റം. കോണ്‍ഗ്രസ് കോര്‍പ്പറേഷനുകളില്‍ 7 വാര്‍ഡുകളിലും, മുന്‍സിപ്പാലിറ്റികളില്‍ 19 ഇടങ്ങളിലും, പഞ്ചായത്ത് വാര്‍ഡില്‍ 77 ഇടത്തും കരുത്തറിയിച്ചിട്ടുണ്ട്. 3,843 മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ ഡിഎംകെ 1,211 എണ്ണത്തിലും അണ്ണാഡിഎംകെ 320 എണ്ണത്തിലും വിജയം നേടി. കോണ്‍ഗ്രസ് 80, സിപിഐ 10, സിപിഎം 24, ബിജെപി 29. ഡിഎംഡികെ 5 എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ സീറ്റ് നില. 489 നഗര പഞ്ചായത്തുകളിലെ 3,782 വാര്‍ഡുകളില്‍ ഡിഎംകെയും 1,070 വാര്‍ഡുകളില്‍ അണ്ണാഡിഎംകെയും വിജയം നേടി.
പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം, ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി, നടന്‍ വിജയിന്റെ ആരാധകസംഘത്തിന്റെ വിജയ് മക്കള്‍ ഇയക്കം, നാം തമിഴര്‍ കക്ഷി, ഐജെകെ, അമ്മ മക്കള്‍ മുന്നേറ്റ കഴകം തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റു പ്രധാന പാര്‍ട്ടികള്‍. ഫെബ്രുവരി 19 ന് നടന്ന തിരഞ്ഞെടുപ്പ് 21 കോര്‍പ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗണ്‍ പഞ്ചായത്തുകളിലുമായി 12,839 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

