ദീപുവിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു; നടന്നത് ക്രൂരമായ മർദ്ദനമെന്ന് കുടുംബം

കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകർ ദീപു ആക്രമിക്കപ്പെട്ടത് ക്രൂരമായെന്ന് കുടുംബം. ദീപുവിന് ഭീഷണി ഉണ്ടായിരുന്നതായും കുടുംബം വെളിപ്പെടുത്തി. കൊല്ലുമെന്ന് പറഞ്ഞ് ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിക്കുന്നത് തങ്ങൾ കണ്ടിരുന്നു. ഓടിച്ചെന്ന് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദിച്ചു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നും പിതാവ് വ്യക്തമാക്കി.

അതേസമയം ദീപുവിന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുക്കുക. കേരളത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവുമാണെന്ന് സാബു ജേക്കബ് വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് എന്നും സാബു ജേക്കബ് ചോദിച്ചു.

പോലീസിന്റെ അനുമതി വാങ്ങിയ ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചതും സംസ്കാര ചടങ്ങുകൾ നടത്തിയതും. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡി സതീശൻ കണ്ടാലറിയാവുന്ന പ്രതിയല്ലെയെന്നും എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെന്നും സാബു ജേക്കബ് ചോദിക്കുന്നു.