തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതി വിഷയത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ഊർജ്ജ വകുപ്പ് സെക്രട്ടറിക്ക് കേന്ദ്ര ഊർജ്ജ വകുപ്പ് കത്തയച്ചു. തുടർന്ന് പ്രത്യേക വിജിലൻസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു.
വൈദ്യുതി ബോർഡിൽ കോടികളുടെ അഴിമതി നടത്തി എന്ന് കാണിച്ചും ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് സംഘം അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. വിജിലൻസ് ഡിവൈഎസ്പി ഷാനിഹാനാണ് കേസിന്റെ അന്വേഷണച്ചുമതല നൽകിയിട്ടുള്ളത്.
മുൻ മന്ത്രി എം.എം. മണിയുടെ മകളുടെ ഭർത്താവ് ബി. കുഞ്ഞുമോൻ പ്രസിഡന്റായുള്ള രാജാക്കാട് സഹകരണ ബാങ്കിനാണ് കെഎസ്ഇബി ഭൂമി ക്രമവിരുദ്ധമായി നൽകിയത്. കെഎസ്ഇബിക്ക് ടൂറിസത്തിലൂടെ അധിക വരുമാനം കണ്ടെത്താൻ രൂപീകരിച്ച കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെഎച്ച്ടിസി) ഭരണസമിതിയാണ് കുറഞ്ഞ തുകയ്ക്ക് ഭൂമി കൈമാറാനുള്ള തീരുമാനമെടുത്തത്. എംഎം മണിയായിരുന്നു സമിതിയുടെ ചെയർമാൻ.

