ആലിയ ഭട്ട് ചിത്രം ഗംഗുഭായി കത്തിയവാഡിക്കെതിരെ രംഗത്തെത്തി യഥാർത്ഥ ഗംഗുഭായിയുടെ കുടുംബം. ഗംഗുഭായിയുടെ ദത്തുപുത്രനാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചുവെന്നാണ് പ്രധാന ആരോപണം. അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചുവെന്നും ജനങ്ങൾ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തത് മുതൽ കുടുംബം വല്ലാത്ത അവസ്ഥയിലാണെന്ന് അഭിഭാഷകൻ നരേന്ദ്ര ദുബെ അറിയിച്ചു. ‘ഗംഗുഭായിയെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന രീതി തീർത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവർത്തകയെ ആണ് ഇത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ’എന്നും നരേന്ദ്ര ചോദിക്കുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും കുടുംബം ആവശ്യപ്പെട്ടു.
2021 ൽ ചിത്രത്തിനെതിരെ കുടുംബം ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയക്കുകയും ചെയ്തിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി സിനിമയ്ക്കെതിരെയുള്ള നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുക ആയിരുന്നു. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

