അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്; ഭീംല നായക്കിന്റെ റിലീസ് പ്രഖ്യാപിച്ചു

സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ന് ചിത്രം റിലീസ് ചെയ്യും. പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

പവൻ കല്ല്യാണാണ് ബിജു മേനോന്റെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടിയാണ്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികാ വേഷങ്ങളിലെത്തുന്നത്.

സാഗർ കെ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. റാം ലക്ഷ്മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ചത്.