ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായി യാത്ര നടത്തുന്നതിൽ കർശന നിയന്ത്രണങ്ങൾ; പുതിയ നിയമവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായി യാത്ര നടത്തുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനവും കേന്ദ്രം പുറത്തിറക്കി.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കേന്ദ്രത്തിന്റെ നടപടി. 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം വന്ന് ഒരു വർഷത്തിന് ശേഷമായിരിക്കും പുതിയ നിയമം നിലവിൽ വരുന്നത്. ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. 2020-ൽ 14 വയസ്സിന് താഴെയുള്ള 2,700 കുട്ടികളും 18 വയസ്സിന് താഴെയുള്ള 14,000 കുട്ടികളുമാണ് റോഡപകടങ്ങളിൽ മരിച്ചത്. സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം 5,868 പേരും മരണപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം പുതിയ ട്രാഫിക് നിയമങ്ങൾ റൈഡർമാർക്ക് ഹെൽമെറ്റും ഹാർനെസ് ബെൽറ്റും ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നു. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്.