കൊച്ചി മെട്രോ പാതയില്‍ ചെരിവ്; ഗുരുതരമല്ലെന്ന് കണ്ടെത്തല്‍

കൊച്ചി: കൊച്ചി മെട്രോ പാതത്തില്‍ പത്തടിപ്പാലത്തിന് സമീപം ചെരിവ് കണ്ടെത്തി. അതിനാല്‍ ഈ ഭാഗത്തെത്തുമ്പോള്‍ വേഗത കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. എന്നാല്‍, ചെരിവ് ഗുരുതരമല്ലെന്നാണ് കെഎംആര്‍എല്ലിന്റെ പ്രാഥമിക വിലയിരുത്തല്‍. രണ്ടാഴ്ച മുന്‍പ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് തകരാര്‍ കണ്ടെത്തിയത്.

അതേസമയം, പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെ നടത്തിയ കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം വിജയകരമായിരുന്നു. 453 കോടി രൂപ ചിലവിലാണ് 1.8 കിലോ മീറ്റര്‍ ദൂരത്തേക്ക് കൂടി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്. പേട്ട, മുതല്‍ വടക്കേക്കോട്ട വരെയും വടക്കേകോട്ടയില്‍ നിന്ന് എസ് എന്‍ ജംഗ്ഷന്‍ വരെയും 1.8 കിലോമീറ്റര്‍ നീളുന്നതാണ് പാത. കൊച്ചി മെട്രോയിലെ വൈഗ ട്രെയിന്‍ ഉപയോഗിച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്. പേട്ടയില്‍ നിന്ന് ടെയിന്‍ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫിസിക്കല്‍ പരിശോധന നടത്തിയിരുന്നു.

നിലവില്‍ 25.16 കിലോമീറ്ററില്‍ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോക്കുള്ളത്. പുതിയപാത വരുമ്പോള്‍ സ്റ്റേഷനുകള്‍ 24 ആകും. എസ്.എന്‍ ജംഗഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൂടി പാത നീട്ടാനുള്ള പ്രാരംഭ നടപടികളും തുടങ്ങിയിട്ടുണ്ട്.