അമൃത്സർ: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള കുടിയേറ്റക്കാരെ പഞ്ചാബിലേക്ക് കടക്കുന്നത് തടയുന്നതിനെക്കുറിച്ച് ചരൺജിത് സിങ് നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചന്നിയുടെ പരാമർശം.
പ്രിയങ്കാ ഗാന്ധിയെ ‘പഞ്ചാബിന്റെ മരുമകൾ’ എന്നാണ് പ്രസംഗത്തിൽ ചന്നി വിശേഷിപ്പിച്ചത്. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ‘ഭയ്യമാർക്ക്’ ‘ഇവിടെ വന്ന് ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലെ ‘ഭയ്യ’മാരെ പഞ്ചാബിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചന്നി നടത്തിയ പരാമർശത്തിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. ചന്നിയുടെ പരാമർശത്തെ ലജ്ജാകരമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
പ്രിയങ്ക വദ്രയ്‌ക്കൊപ്പം വേദിയിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി യുപിയിലെയും ബിഹാറിലെയും ജനങ്ങളെ അപമാനിക്കുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശിച്ചു. ഇങ്ങനെയാണോ കോൺഗ്രസ് യുപിയെയും രാജ്യത്തെയും വികസിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ചന്നിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

