എൽഐസിയിൽ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപ

ന്യൂഡൽഹി: എൽ.ഐ.സിയിൽ 21,539 കോടിയിലേറെ രൂപ അവകാശികളില്ലാതെ കിടക്കുന്നതായി റിപ്പോർട്ട്. 2021 സെപ്തംബറിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി)ക്ക് നൽകിയ രേഖകളിലാണ് കണക്കുകൾ വിശദമാക്കിയിട്ടുള്ളത്.

13,843.70 കോടി രൂപയായിരുന്നു 2019 സാമ്പത്തിക വർഷത്തിൽ അവകാശികളില്ലാതെ കിടന്നത്. 2020 ൽ 16,052.65 കോടിയായും 2021 ൽ 18,495.32 കോടി രൂപയായും ഈ തുക ഉയർന്നു. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയുമുൾപ്പടെയുള്ള തുകയാണിത്.

കാലാവധി പൂർത്തിയായശേഷം തുക സ്വീകരിക്കാതിരിക്കുകയോ, പോളിസി ഉടമയുടെ മരണശേഷം കുടുംബാംഗങ്ങൾ ക്ലെയിം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ തുക അവകാശികളില്ലാതെ കിടക്കുന്നത്. 1000 രൂപയോ അതിൽക്കൂടുലോ തുക ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം വെബ്സൈറ്റിൽ ഇൻഷ്വറൻസ് കമ്പനികൾ പ്രസിദ്ധീകരിക്കണമെന്നാണ് നിർദ്ദേശം. 10 വർഷമായിട്ടും ക്ലെയിം ചെയ്തില്ലെങ്കിൽ ആ തുക മുതിർന്ന പൗരന്മാരുടെ ക്ഷേമനിധിയിലേയ്ക്ക് മാറ്റും.