സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് കുറവില്ല; ലക്ഷങ്ങൾ നൽകി വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു

തിരുവനന്തപുരം: ലക്ഷക്കണക്കിന് രൂപ മുടക്കി സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നു. വർഷം പത്തുകോടിയോളം രൂപ വാടക നൽകി സ്വകാര്യ കമ്പനിയിൽ നിന്നാണ് സർക്കാർ കോപ്ടർ വാടകയ്‌ക്കെടുക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്നാണ് 80 ലക്ഷം മാസവാടകയ്ക്ക് ഇരട്ട എൻജിൻ കോപ്ടർ വാടകയ്‌ക്കെടുക്കാൻ ധാരണയായത്. 20 മണിക്കൂർ ഈ തുകയ്ക്ക് ഹെലികോപ്ടറിന് പറക്കാം.

കടമെടുത്ത് ശമ്പളവും പെൻഷനും നൽകേണ്ട ഗതികേടിലാണ് സർക്കാരെങ്കിലും ധൂർത്തിന് കുറവില്ലെന്നാണ് സർക്കാരിനെതിരെ ഉയരുന്ന വിമർശനം. മൂന്നു വർഷത്തേക്കാണ് ഹെലികോപ്ടറിന്റെ കരാർ. കാലാവധിയ്ക്ക് ശേഷം 2 വർഷത്തേക്ക് കൂടി ഇത് നീട്ടാം. വി.ഐ.പികൾക്കും പൊലീസ് ഉന്നതർക്കും പറന്നുരസിക്കാനാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. നേരത്തെ 1.70 കോടി രൂപ നൽകി മാസ വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ലായിരുന്നു. 22.21കോടിയാണ് ആകെ പദ്ധതിയ്ക്കായി ചെലവിട്ടത്. മാവോയിസ്റ്റുകളെ കണ്ടാലുടൻ നേരിടാനായി സേനയെ എത്തിക്കാൻ ഓപ്പറേഷണൽ ഹെലികോപ്ടർ അത്യാവശ്യമാണെന്ന ഡിജിപിയുടെ ശുപാർശയിലാണ് രണ്ടാമതും സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നത്.

മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥർക്കും പറക്കാൻ വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്ടറിന്റെ വാടക കുറയ്ക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി ആസ്ഥാനമായ കോപ്ടർ കമ്പനി ചിപ്‌സൺ ഏവിയേഷൻ നിരസിച്ചു. 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്ടറിൽ 20 മണിക്കൂർ പറക്കാം. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. രണ്ടുവർഷം മുൻപ് നടത്തിയ ടെൻഡറിൽ 74 ലക്ഷം രൂപയായിരുന്നു ചിപ്‌സൺ ഹെലികോപ്ടറിനായി ക്വോട്ട് ചെയ്തിരുന്നത്. ഇതേ തുകയ്ക്ക് കോപ്ടർ നൽകാനാവുമോയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കമ്പനിയുമായി സംസാരിച്ചു. എന്നാൽ അന്ന് 74ലക്ഷം ക്വോട്ട് ചെയ്തത് ജി.എസ്.ടി കൂട്ടാതെയാണെന്നും ജിഎസ്ടി കൂടി കൂട്ടിയാൽ 81 ലക്ഷം രൂപയാകുമെന്നും കമ്പനി വ്യക്തമാക്കി.