പോലീസിൽ കുഴപ്പക്കാർ ഉണ്ട്; തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന വിമർശനങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിച്ചു. വിമർശനങ്ങളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുഴപ്പക്കാരെ ശ്രദ്ധിക്കുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിഭാഗീയത അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഭാഗീയതയ്ക്ക് ആരൊക്കെ ആണ് നേതൃത്വം നൽകുന്നത് എന്ന് കൃത്യമായി അറിയാം. ചില സഖാക്കളെ കുറിച്ച് പറഞ്ഞ വിമർശനം സംബന്ധിച്ച്, അത് ശരിയാണോ എന്ന് അവർ സ്വയം പരിശോധിച്ച് തിരുത്തണമെന്നും അല്ലെങ്കിൽ തിരുത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെയും ചാരി നിൽക്കരുത്. സിപിഎമ്മിന്റെ ശത്രുവല്ല സിപിഐ. സിപിഐ ശത്രുതയോടെ കാണരുത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ നിയന്ത്രിക്കാൻ പോകണ്ടെന്നും വരുതിക്ക് നിർത്തണമെന്ന് മോഹം വേണ്ടെന്നും എൻസിപി എൽഡിഎഫിന്റെ ഘടകകക്ഷിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങൾ തുറന്നുകാട്ടി ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി,മാന്നാർ ഏരിയ സമ്മേളനങ്ങൾ കലുഷിതമായിരുന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധം ഹരിപ്പാട് ഉൾപ്പെടെ സമ്മേളനങ്ങളിൽ സംഘടന മര്യാദ പോലും ലംഘിച്ചും നേതാക്കൾ പെരുമാറിയെന്നും ഇവിടെങ്ങളിൽ തിരുത്തൽ നടപടി ആവശ്യമാണെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.