ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തി ശബരിമല ദർശനവും ചിരഞ്ജീവി ഗുരുവായൂരിലെത്തിയത്. ഇത് രണ്ടാം തവണയാണ് ചിരഞ്ജീവി ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് എത്തുന്നത്. ശ്രീവത്സം അങ്കണത്തിലെ ഗജരത്‌നം പത്മനാഭന്റെ പ്രതിമയ്‌ക്കൊപ്പം നിന്നും അദ്ദേഹം ഫോട്ടോയെടുത്തു. തന്റെ ആരാധകർക്കൊപ്പം ചിത്രമെടുക്കാനും അദ്ദേഹം സമയം ചെലവഴിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, മാനേജർ കെ.ബിനു എന്നിവർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അദ്ദേഹത്തെ സ്വീകരിച്ചു.
മധുമതി, ഗോപീകൃഷ്ണ പാടിബന്ദ എന്നിവർ ഒപ്പമുണ്ടായി. ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ്കുമാർ എന്നിവർ ചേർന്നാണ് അദ്ദേഹത്തിന് ക്ഷേത്രത്തിൽ ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയത്. കേരളത്തിലെ ആരാധകരോട് എന്താണ് പറയാനുള്ളതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ ആരാധകർക്കും എല്ലാ മലയാളികൾക്കും സമൃദ്ധി ആശംസിക്കുന്നുവെന്ന് അദ്ദേഹം മറുപടി നൽകി.
മലയാളികൾ ദേശത്തിനും ഭാഷയ്ക്കും അപ്പുറം മനുഷ്യരെ സ്‌നേഹിക്കുന്നവരാണന്നും എല്ലാ നന്മകളും സംഭവിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഏറ്റവും യുക്തിഭദ്രമായ കഥകളാണ് മലയാളത്തിൽ സിനിമകൾ ആവുന്നത്. മലയാളത്തിൽ അഭിനയിക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

