ശുദ്ധ ചാണകം വീടുകളില്‍ എത്തിക്കാനൊരുങ്ങി മില്‍മ; പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന ശുദ്ധമായ ചാണകം വീടുകളില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒരു കിലോഗ്രാം ചാണകത്തിന് 25 രൂപയാണ് വില. 2, 5, 10 കിലോഗ്രാം പാക്കറ്റിന് 27, 70, 110 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

മില്‍മയുടെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് ചാണകം ബ്രാന്‍ഡ് ചെയ്ത് വീടുകളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. വന്‍കിട കര്‍ഷകര്‍ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അതത് സ്ഥലങ്ങളില്‍ ശുദ്ധീകരിച്ച ചാണകം എത്തിച്ച് നല്‍കും. വലിയ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന രീതിയില്‍ അയച്ചു നല്‍കി വിപണിയില്‍ ഇടംപിടിക്കാനാണ് ശ്രമം. ക്ഷീര സംഘങ്ങളോടനുബന്ധിച്ച് കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് മലബാര്‍ റൂറല്‍ ഡവലപ്മെന്റ് ഫൗണ്ടേഷന്‍ ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്.

കൃഷി വകുപ്പ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, സര്‍ക്കാരിന്റെ ഫാമുകള്‍ എന്നിവക്ക് വലിയ തോതില്‍ ചാണകം നല്‍കാനുള്ള അനുമതിക്കായി മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസര്‍ച്ചിന് വേണ്ടി വലിയ അളവില്‍ ചാണകം സ്ഥാപനം നല്‍കുന്നുണ്ട്.