തിരുവനന്തപുരം വിമാനത്താവളത്തിൽ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി; തട്ടിപ്പ് നടന്നത് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ ഡ്യൂട്ടി ഫ്രീ തിരിമറി. 16 കോടി രൂപയുടെ ഡ്യൂട്ടി ഫ്രീ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഇതുപയോഗിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. യാത്രക്കാരുടെ പാസ്‌പോർട്ട് നമ്പർ ശേഖരിച്ച ശേഷം ഒരേ നമ്പർ ഉപയോഗിച്ച് പല പേരുകളിൽ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. വിദേശ നിർമ്മിത വിദേശ മദ്യം ഉൾപ്പെടെയുള്ള വസ്തുക്കൾ ഇത്തരത്തിൽ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്.

പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോർജ് വഴിവിട്ട് വൻ ഇടപെടൽ നടത്തിയെന്നും കസ്റ്റംസ് കണ്ടെത്തി. തട്ടിപ്പിന് സഹായം നൽകിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറിന്റെ പണമടച്ചത് പോലും മലേഷ്യൻ കമ്പനിയാണെന്നും കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോർജ് എയർലൈൻ കമ്പനികൾക്ക് കത്ത് നൽകി യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവെന്നും ഇത് മലേഷ്യൻ കമ്പനിയായ പ്ലസ് മാക്‌സിന് കൈമാറിയെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത 13000 ത്തോളം യാത്രക്കാരുടെ വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.