എറണാകുളം: സ്ത്രീ സുരക്ഷയ്ക്ക് ‘കാതോർത്ത്’ എറണാകുളം ജില്ല. സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വനിതാ ശിശു വികസന വകുപ്പ് ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. ഇത്തരത്തിൽ എടുത്തുപറയേണ്ട രണ്ട് പദ്ധതികളാണ് കാതോർത്ത്, കനൽ എന്നിവ.
സ്ത്രീ സുരക്ഷയ്ക്കായി ‘കാതോർത്ത്’
കാതോർത്ത് പദ്ധതിയിലൂടെ സ്ത്രീ സുരക്ഷ മുൻനിർത്തി, ആവശ്യമായ സ്ത്രീകൾക്ക് കൗൺസിലിംഗ് നൽകിവരുന്നു. അവർക്ക് എല്ലാ നിയമസഹായവും പോലീസ് സഹായവും പദ്ധതിയിലൂടെ നൽകുന്നുണ്ടെന്ന് വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ഡോ.പ്രേമ്ന മനോജ് ശങ്കർ പറഞ്ഞു. വളരെ പ്രഗത്ഭരായ നിയമ വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും കൗൺസിലേഴ്സും പാനലിൽ ഉൾപ്പെടുന്നു. പത്തിന പരിപാടിയിൽ ഉൾപ്പെടുത്തി 2021 ഫെബ്രുവരിയിലാണ് കാതോർത്ത് പദ്ധതി സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലയിൽ ഇതുവരെ 80 സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പദ്ധതിയിലൂടെ പരിഹാരം കാണാനായി. സ്ത്രീകൾക്ക് വീട്ടിലിരുന്ന് തന്നെ കൗൺസിലിംഗും നിയമസഹായവും ലഭ്യമാക്കുന്നതിലൂടെ അടിയന്തര സ്വഭാവമുള്ള പ്രശ്നങ്ങൾക്ക് ഉടനടി തുടർനടപടികളിലേക്ക് കടക്കാനാകും. യാത്രാക്ലേശവും സമയനഷ്ടവും ഒഴിവാക്കാനാകുമെന്നതും പ്രധാന സവിശേഷതയാണ്.
എങ്ങനെ അപേക്ഷിക്കാം
www.kathorthu.wcd.kerala.gov.in എന്ന വെബ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനാകും. കൗൺസിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിങ്ങനെ മൂന്നു തരത്തിൽ സഹായം ആവശ്യപ്പെടാവുന്നതാണ്. അതാത് വിഭാഗത്തിലെ കൺസൽട്ടന്റുമാർ ഓൺലൈൻ അപ്പോയ്ന്റ്മെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്ര വഴി സേവനം ലഭ്യമാക്കും. പോലീസ് സഹായം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ വുമൺ സെല്ലിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
പീഡനങ്ങൾക്കെതിരെ ‘കനലായി’ കലാലയങ്ങളും
സ്ത്രീധന പീഡനങ്ങൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ യുവതലമുറയെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കനൽ എന്ന പദ്ധതി സംസ്ഥാനതലത്തിൽ രൂപീകരിച്ചത്. ജില്ലയിൽ കഴിഞ്ഞ ജൂലൈയിലാണ് ജെൻഡർ സെൻസിടൈസേഷൻ പദ്ധതിയായ കനൽ പദ്ധതി ആരംഭിച്ചത്.
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 25 കോളേജുകളിലായി 6,500 വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകിക്കഴിഞ്ഞു. 100 മുതൽ 500 കുട്ടികളുടെ വരെ ഓരോ ഗ്രൂപ്പിനും ഒരു മണിക്കൂർ ദൈർഘ്യമുള്ള രണ്ട് ഓൺലൈൻ ക്ലാസ് വീതമാണു നൽകി വരുന്നത്. ജെൻഡർ റിലേഷൻ, ജെൻഡർ & ലോ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. പരിചയ സമ്പന്നരായ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
കോളേജ് വിദ്യാർത്ഥികൾക്ക് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള പഠന ക്ലാസുകളും നടത്തിവരുന്നു. അഭയ കിരണം, സഹായഹസ്തം എന്നീ ധനസഹായ പദ്ധതികളും സ്ത്രീകൾക്ക് ഏറെ ഗുണകരമാണ്. നോഡൽ ഏജൻസി എന്ന നിലയിൽ പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്മെന്റ് അറ്റ് വർക്ക് പ്ലേസസ് ആക്ട് പ്രകാരം (POSH Act) ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മറ്റികൾ കൂടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്നത് വനിതാ ശിശുവികസന വകുപ്പാണ്. നിലവിൽ 10 വനിതാ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണമെന്ന് കർശന നിർദേശമുണ്ട്. കമ്മറ്റിയിൽ ഒരു സോഷ്യൽ വർക്കറും അഡ്വക്കേറ്റും ഉൾപ്പെടും. പഞ്ചായത്ത്തലത്തിൽ ഇന്റേണൽ കമ്മറ്റി മെമ്പർമാർക്ക് പരിശീലനം നൽകുന്നുണ്ട്.
പൊതുജന പങ്കാളിത്തം ഉപയോഗപ്പെടുത്തി പുതിയ രണ്ട് സ്‌കീമുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. രക്ഷാ ദൂത് എന്ന പദ്ധതിയാണ് ഒന്നാമത്തേത്. ഗാർഹിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകൾക്ക് വുമൺ പ്രൊട്ടക്ഷൻ ഓഫിസർക്ക് നേരിട്ട് പരാതി നൽകാനോ ബന്ധപ്പെടാനോ സാധിക്കണമെന്നില്ല. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന സ്ത്രീക്കോ കുട്ടിക്കോ ഒരു വെള്ള പേപ്പറിൽ ‘തപാൽ’ എന്ന കോഡും അഡ്രസും മാത്രമെഴുതി പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചാൽ മാത്രം മതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തി നടപടി സ്വീകരിക്കും. ഇതേ രീതിയിൽ സഹായം ആവശ്യമുള്ള നമുക്കറിയാവുന്ന ആളുകൾക്ക് വേണ്ടിയും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
മറ്റൊരു പദ്ധതിയാണ് പൊൻ വാക്ക്. ബാലവിവാഹങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ponvakkuekm@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്കോ +91 9188969207 എന്ന നമ്പറിലേക്കോ വിവരം നൽകിയാൽ 2,500 രൂപ പാരിതോഷികം ലഭിക്കും. വിവാഹം നടക്കുന്നതിന് മുൻപ് വിവരം അറിയിക്കേണ്ടതാണ്. വിവരം നൽകിയ വ്യക്തിയുടെ പേര് രഹസ്യമായി സൂക്ഷിക്കും.
സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതോടൊപ്പം നിയമവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ പരാതി നൽകാൻ ആരെയാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചും വകുപ്പിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തുന്നുണ്ട്. കാക്കനാട് ചിൽഡ്രൻസ് ഹോമിലുള്ള വൺ സ്റ്റോപ്പ് സെന്ററിലൂടെ സഹായം അർഹിക്കുന്ന സ്ത്രീകൾക്ക് നിയമ സഹായം, കൗൺസിലിംഗ്, പോലിസ് സഹായം എന്നിവയോടൊപ്പം അഞ്ച് ദിവസം വരെ താമസസൗകര്യവും നൽകുന്നുണ്ട്. വകുപ്പിന് കീഴിൽ സംസ്ഥാനതലത്തിൽ നടന്നുവരുന്ന എല്ലാ പദ്ധതികളും ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ ഓഫീസർ പറഞ്ഞു.

