കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരളാ പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുന്നു. വിഷുവിന് മുമ്പ് തന്നെ വെള്ളൂര്‍ പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ പേപ്പര്‍ നിര്‍മ്മാണം ആരംഭിക്കും. ആറ് വര്‍ഷമായി അറ്റകുറ്റപ്പണി നടത്താത്ത ഉപകരണങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടമായി പേപ്പര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. വ്യവസായ മന്ത്രി പി.രാജീവ് പ്ലാന്റുകളുടെ നവീകരണ പുരോഗതികള്‍ വിലയിരുത്തി.
നഷ്ടത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നു വര്‍ഷം മുമ്പു അടച്ചുപൂട്ടിയ എച്ച്എന്‍എലിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 35 കോടിയുടെ ആദ്യഘട്ട നവീകരണ പ്രക്രിയയാണ് ഇപ്പോള്‍ നടന്നു വരുന്നത്. ന്യൂസ് പ്രിന്റ് നിര്‍മ്മാണം മെയ് മാസം തുടങ്ങാനായിരുന്നു കെപിപിഎല്‍ പദ്ധതി. എന്നാല്‍, തൊഴിലാളികളുടേയും മാനേജുമെന്റ് സ്റ്റാഫിന്റെയും മികച്ച പ്രവര്‍ത്തനങ്ങള്‍ ഗുണമായി.
അതേസമയം, എച്ച്എന്‍എലിന്റെ ഒരു ബാധ്യതയും കെപിപിഎല്‍ ഏറ്റെടുത്തിട്ടില്ല. പക്ഷേ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി പഴയ എച്ച്എന്‍എല്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് നിയമനങ്ങള്‍. 152 തൊഴിലാളികളെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. കെപിപിഎല്ലിനൊപ്പം പ്രഖ്യാപിച്ച റബ്ബര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. HNL ഭൂമിയില്‍ തുടങ്ങാനിരിക്കുന്ന കിന്‍ഫ്രാ പാര്‍ക്കും വൈകാതെ യഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

