മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകി പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1986 മുതൽ മുസ്ലീം ലീഗ് എന്നെ കരിവാരിതേക്കുകയാണ്. താൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. തനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താത്പര്യമില്ല. താൻ ഖുറാനിലുള്ളതാണ് പറയുന്നത്. തന്നെ പഠിപ്പിക്കുന്നതിന് തനിക്ക് അവരോട് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാവി നിറം തന്റെ കണ്ണിന് കുളിർമയേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാവി നിറം തനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽകോഡിനെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1986ൽ താൻ രാജിവെക്കുമ്പോൾ ബിജെപിക്ക് രണ്ട് എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. 25-ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്രമോദിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കുന്നു.

ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലീം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട്. ദുഷിച്ച ആസൂത്രണമാണതെന്നും ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.