രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് മൂന്നു വർഷം; ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞ് പാകിസ്താൻ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് മൂന്ന് വർഷം. രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് 2019 ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്. പുൽവാമ ജില്ലയിലെ അവന്തിപുരയ്ക്കടുത്ത് ദേശീയപാതയിൽ വെച്ചായിരുന്നു സംഭവം. 100 കിലോ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു.

രാജ്യത്തെ നടുക്കിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. പുൽവാമ ആക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങൾ പിന്നിട്ട് ഫെബ്രുവരി 26 നാണ് ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകിയത്. പാക് അതിർത്തി കടന്ന് ബലാക്കോട്ടിലെ ഖൈബർ പഖ്തുൻഖ്വാവയിൽ ബോംബാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇ്രന്ത്യൻ വ്യോമസേന ജെറ്റുകളാണ് വ്യോമാക്രമണം നടത്തിയത്.

പ്രദേശത്തെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകൾ തകർത്തു കൊണ്ടായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. നിരവധി ക്യാമ്പുകൾ ഇന്ത്യ തകർത്തു. നാനൂറോളം ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഭീകരർക്കെതിരെയുള്ള ശക്തമായ നടപടിക്കായി പാകിസ്താനെ സമ്മർദ്ദിലാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. പാകിസ്താൻ ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമായി ഇന്ത്യ ഉയർത്തുകയും ചെയ്തിരുന്നു. ജയ്ഷെ മേധാവി മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദ പട്ടികയിൽ പെടുത്താനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളും ഇന്ത്യ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2019 മേയ് ഒന്നിന് യു എൻ സെക്യൂരിറ്റി കൗൺസിൽ മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം ജൂലൈ മാസം പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബു സൈഫുള്ളയെ ജമ്മു കാശ്മീരിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിക്കുകയും ചെയ്തിരുന്നു. ജെയ്ഷെ മുഹമ്മദ് ബന്ധമുളള പാകിസ്താനി തീവ്രവാദിയായ ഇയാളാണ് പുൽവാമ ആക്രമം നടത്താനുള്ള സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചത്.