ന്യൂഡൽഹി: പോലീസ് നവീകരണ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രം. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ പൊലീസ് സേനയുടെ നവീകരണ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപ കേന്ദ്രം അംഗീകരിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനകളുടെ നവീകരണത്തിനും മെച്ചപ്പെടുത്തലിനും തുക ഉപയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
4,846 കോടി രൂപ വീതമാണ് സംസ്ഥാന പൊലീസ് സേനകളുടെ നവീകരണത്തിന് നൽകുക. വിഭവങ്ങളുടെ നവീകരണത്തിലൂടെ ശാസ്ത്രീയവും സമയ ബന്ധിതവുമായ അന്വേഷണം, സ്വതന്ത്രവും ഉയർന്ന നിലവാരമുള്ള ഫോറൻസിക് സയൻസ് സൗകര്യങ്ങൾ തുടങ്ങിയവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 2,080.50 കോടി രൂപ ഫോറൻസിക് കപ്പാസിറ്റികളുടെ നവീകരണത്തിന് വേണ്ടി കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം അനുവദിച്ചു.
18,839 കോടി രൂപ ജമ്മു കശ്മീരിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ, കലാപ ബാധിത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങൾ എന്നിവയ്ക്കായി അനുവദിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ സംബന്ധമായ ചെലവുകൾക്കായാണ് തുക അനുവദിച്ചത്.

