ഐപിഎല്‍ 15ആം സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം അവസാനിച്ചു. പത്ത് ഫ്രാഞ്ചൈസികള്‍ 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്. 204 താരങ്ങളാണ് ഇത്തവണ വിവിധ ടീമുകളിലായി ഐപിഎല്ലില്‍ കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 67 ഓവര്‍സീസ് താരങ്ങള്‍. മലയാളി താരം ശ്രീശാന്ത് അവസാന പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കാത്തതില്‍ ലേലത്തില്‍ വന്നില്ല.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദിനെ രണ്ടാമൂഴത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപയ്ക്കാണ് താരം ഹൈദരാബാദിലെത്തിയത്. ഓസീസ് പേസര്‍ റൈലി മെരെഡിത്തിനെ മുംബൈ ഇന്ത്യന്‍സ് ഒരു കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ശ്രീലങ്കന്‍ ബൗളര്‍ ചമിക കരുണരത്‌നെ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തി. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയില്‍ മയേഴ്‌സിനെ 50 ലക്ഷം രൂപയ്ക്ക് ലക്‌നൗ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറെ 3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്‌സിനെ 2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് എന്നിവരെ ഗുജറാത്ത് ടീമിലെത്തിച്ചു. യഥാക്രമം 1.90 കോടി, 2.40 കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ തുക
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് പ്രതിഫലത്തുകയില്‍ ഒന്നാമന്‍. 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് ഇഷാനെ തിരിച്ചെത്തിച്ചത്. ഐപിഎല്‍ ലേലചരിത്രത്തില്‍, യുവരാജ് സിങ്ങിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. 2015 ല്‍ ദല്‍ഹി ക്യാപ്റ്റല്‍ 16 കോടിക്കാണ് യുവരാജിനെ സ്വന്തമാക്കിയത്.ക്രിസ് മോറിസ് (16.25 കോടി), പാറ്റ് കമ്മിന്‍സ് (15.50 കോടി) എന്നിവര്‍കൂടി മാത്രമാണ് 15 കോടിയിലധികം രൂപയക്ക് വിറ്റു പോയിട്ടുള്ള താരങ്ങള്‍. പേസര്‍ ദീപക് ചാഹറിനെ 14 കോടിക്ക് ചെന്നൈ തിരിച്ചെടുത്തു. ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്കു കൊല്‍ക്കത്ത സ്വന്തമാക്കി. മലയാളിതാരം ദേവദത്ത് പടിക്കലിനെ 7.75 കോടിക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 40 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടിരുന്ന സിംഗപ്പുര്‍ താരം ടിം ഡേവിഡിനെ 8.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചറിനെയും എട്ടു കോടിക്ക് മുംബൈ ടീമിലെത്തിച്ചു.
മെഗാ താരലേലത്തിലെ വിലപിടിപ്പുള്ള താരങ്ങള്‍
ഇഷാന്‍ കിഷന്‍ – 15.25 കോടി (മുംബൈ ഇന്ത്യന്‍സ്)
ദീപക് ചാഹര്‍ – 14 കോടി (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്)
ശ്രേയസ് അയ്യര്‍ – 12.25 കോടി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
ലിയാം ലിവിംഗ്സ്റ്റണ്‍ – 11.50 കോടി (പഞ്ചാബ് കിംഗ്‌സ്)
വനിന്ദു ഹസരംഗ – 10.75 കോടി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
ഹര്‍ഷല്‍ പട്ടേല്‍ – 10.75 കോടി (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
നിക്കോളാസ് പൂരന്‍ – 10.75 കോടി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ശാര്‍ദുല്‍ ഠാക്കൂര്‍ – 10.75 കോടി (ഡല്‍ഹി ക്യാപിറ്റല്‍സ്)
ലോക്കി ഫെര്‍ഗൂസണ്‍ – 10 (ഗുജറാത്ത് ടൈറ്റാന്‍സ്)
പ്രസിദ്ധ് കൃഷ്ണ – 10 കോടി (രാജസ്ഥാന്‍ റോയല്‍സ്)

