ആം ആദ്മി പാര്‍ട്ടിയുടെ ഉദ്ഭവം ആര്‍എസ്എസില്‍ നിന്ന്; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ആര്‍എസ്എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉണ്ടായതെന്ന് പ്രിയങ്ക ആരോപിച്ചു. ‘രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്, ആര്‍ എസ് എസില്‍ നിന്നും ഉയര്‍ന്ന് വന്നതാണ് ആം ആദ്മി.’ കോട്കപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്പാല്‍ സിംഗ് സന്ധുവിന് വേണ്ടിയള്ള പ്രചാരണ റാലിയിലാണ് പ്രിയങ്ക ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചത്.

2014ല്‍ ഗുജറാത്ത് മോഡല്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത് പോലെയാണ് പഞ്ചാബില്‍ ഡല്‍ഹി മോഡല്‍ കൊണ്ടു വരുമെന്ന ആം ആദ്മിയുടെ അവകാശവാദവും. പഞ്ചാബില്‍ രൂപീകൃതമാവുന്ന സര്‍ക്കാരിനെ പഞ്ചാബില്‍ നിന്ന് നയിക്കണം. എന്നാല്‍, ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയില്‍ നിന്നാവും അതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

അതേസമയം, ‘കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും നിങ്ങള്‍ തലകുനിച്ചില്ല, അതാണ് പഞ്ചാബികള്‍. പഞ്ചാബികളെ തനിക്ക് മനസിലാവും കാരണം താന്‍ ഒരു പഞ്ചാബിയെയാണ് വിവാഹം കഴിച്ചത്. എന്റെ കുട്ടികള്‍ക്ക് പഞ്ചാബി രക്തമുണ്ട്. ധീരഹൃദയരാണ് പഞ്ചാബികള്‍’- എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.