തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്ത്. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഞായറാഴ്ച്ച മാർഗരേഖ ഇറക്കിയത് ശരിയായില്ലെന്നാണ് അധ്യാപക സംഘടനകളുടെ വിമർശനം. കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വൈകിട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്നാണ് കോൺഗ്രസ് സംഘടന ഉന്നയിക്കുന്ന ആവശ്യം.
അതേസമയം ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ രാവിലെ മുതൽ വൈകിട്ടു വരെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസുകൾ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ഫെബ്രുവരി 14 മുതൽ ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളായിരിക്കും. 10, 11, 12 ക്ലാസുകൾ ഇപ്പോഴത്തേതുപോലെ ഫെബ്രുവരി 19 വരെ തുടരും. പത്തു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ ഈ മാസം 28നകം പൂർത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് റിവിഷൻ ആരംഭിക്കും. ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. പ്രീപ്രൈമറിയിൽ തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാവും ക്ലാസ് നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ മാർച്ച് 16 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തുകയും റിപ്പോർട്ട് ഡി.ഡി.ഇ/ആർ.ഡി.ഡി/ എ.ഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകുകയും വേണം. ശനിയാഴ്ചകളിൽ സ്‌കൂൾതല എസ്.ആർ.ജി ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കുകയും വേണം. എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖേന ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്ലസ്ടുവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രിൻസിപ്പൽമാർ മുഖേന ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ക്രോഡീകരിച്ച റിപ്പോർട്ട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകണം. പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കർമ്മപദ്ധതി അതത് സ്‌കൂൾ തലത്തിൽ തയ്യാറാക്കി നടപ്പാക്കണം. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകും. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നൽ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

