കൊച്ചി: ഗൂഢാലോചന കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികള്‍ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതികളുടെ ഗൂഢാലോചന തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതിനാല്‍, തങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണെന്നാണ് പ്രതികള്‍ കോടതിയെ അറിയിക്കുക. അതേസമയം, കേസില്‍ പരമാവധി തെളിവ് ശേഖരിക്കാന്‍ ക്രൈംബ്രാഞ്ചും ശ്രമം തുടങ്ങിയിട്ടുണ്ട്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ തെളിവ് ലഭിക്കും എന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ദിലീപും സഹോദരന്‍ അനൂപും സഹോദരീഭര്‍ത്താവ് സുരാജും അടക്കം അഞ്ച് പ്രതികള്‍ക്ക് ഫെബ്രുവരി ഏഴിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ ഗൂഢാലോചന സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ പ്രേരണയുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തതായി തെളിയിക്കാനാവാത്തതിനാല്‍ പ്രേരണാ കുറ്റവും നിലനില്‍ക്കില്ല.
അതേസമയം, ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ ആശങ്ക കോടതി പരിഗണിച്ചു. അത്തരം നടപടികളുണ്ടായാല്‍ പ്രതികളുടെ അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. വിചാരണക്കോടതിയില്‍ വച്ച് അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍, അന്ന് കേസ് നടന്നത് അങ്കമാലി കോടതിയിലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല, അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസ്സമാകില്ലെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.

