മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു. ചരിത്രത്തിലാദ്യമായാണ് പൊന്നാനിയിൽ നിന്നും ലക്ഷദ്വീപിലേക്ക് സർവ്വീസ് ആരംഭിക്കുന്നത്. ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായി പഠനയാത്രയെന്ന നിലയ്ക്കാണ് പൊന്നാനിയിലെ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യത്തെ കപ്പൽ യാത്ര നടത്തുക. പൊന്നാനിയിലെ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയമായ പ്രസ് ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മാർച്ച് 26 ന് ലക്ഷദ്വീപിലേക്ക് ആദ്യ സർവിസ് നടത്തുക.
അമ്പതോളം പേരടങ്ങുന്ന സംഘമായിരിക്കും യാത്രയിലുണ്ടായിരിക്കുക. യാത്രയെ കുറിച്ചുള്ള വിവരങ്ങൾ ചർച്ച ചെയ്യാൻ പി.നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് അധ്യക്ഷന്മാർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ മാത്യു, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിനി പ്രതാപ് ,പോർട്ട് പൈലറ്റ് പ്രതീഷ്.ജി.നായർ, സംസ്ഥാന ഹജ് കമ്മറ്റിയംഗം കെ.എം മുഹമ്മദ് കാസിം കോയ, ലക്ഷദ്വീപ് പ്രതിനിധികളായ കെ.കെ ഷമീം, സി.എം അബ്ദുൾമുഹ്‌സിൻ, അഷ്‌റഫ് കോക്കൂർ, അർഷാദ്, പി.കെ ഖലീമുദ്ദീൻ, ഒ.ഒ ഷംസു, ഫർഹാൻ ബിയ്യം, സമീർ ഡയാന, ടി.ജമാലുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള തീർത്ഥാടന ടൂറിസമാണ് ആദ്യഘട്ടത്തിൽ പരിഗണനയിലുള്ളത്. പൊന്നാനി തീരത്ത് ഇതിനായി ഫ്േളാട്ടിങ് ജെട്ടി നിർമ്മിക്കും. പദ്ധതിയ്ക്ക് സാങ്കേതികവും ഭരണപരവുമായ മുഴുവൻ പിന്തുണയും സാധ്യമാക്കുന്ന തരത്തിൽ ബന്ധപ്പെട്ടവരുടെ സമ്പൂർണ്ണ സാന്നിധ്യം ഉറപ്പുവരുത്തിയതായി എംഎൽഎ പി നന്ദകുമാർ വ്യക്തമാക്കി.

