തിരുവനന്തപുരം: മാരാമൺ കൺവെൻഷന് ഞായറാഴ്ച്ച തുടക്കം കുറിക്കും. 127 -ാമത് മാരമൺ കൺവെൻഷനാണ് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി മാരാമൺ കൺവെൻഷനിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ വിടവാങ്ങിയിട്ട് ആദ്യത്തെ മാരാമൺ കൺവെൻഷനാണിത്. നികത്താനാവാത്ത വിടവായി അദ്ദേഹത്തിന്റെ വിയോഗം അവശേഷിക്കുകയാണ്.
എല്ലാ വർഷവും അദ്ദേഹം മാരാമൺ കൺവെൻഷനിൽ നടത്തിയിരുന്ന പ്രസംഗങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചവയാണ്. ഡോ ജോസഫ് മാർത്തോമയുടെ അസാന്നിദ്ധ്യവും മരാമൺ കൺവെൻഷനിൽ പ്രകടമാകും. ഏറെ ജനപ്രിയരായ രണ്ടു രണ്ടു ആത്മീയ നേതാക്കളുടെ ദേഹവിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മാരാമൺ കൺവെൻഷന്റെ സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
മാരാമൺ കൺവെൻഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു യോഗത്തിൽ 1500 പേർക്കാണ് പന്തലിനുള്ളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചു കോവിഡ് മാനദണ്ഡം പുതുക്കി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയി ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാവ്ച്ച രാവിലെ 2.30ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ദേശത്തിന്റെ സൗഖ്യത്തിനായുള്ള പ്രാർഥനയാണ് കൺവൻഷൻ യോഗങ്ങളുടെ പൊതു ചിന്താവിഷയം. തിങ്കളാഴ്ച മുതൽ രാവിലെ 10നും 5നും യോഗങ്ങളുണ്ടാകും. പന്തലിനുള്ളിലെ പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ് അടക്കം ഉപകരണങ്ങൾ ഉപയോഗിച്ചു ശരീര ഊഷ്മാവ് പരിശോധിക്കും.

