തൃശൂരില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവം; നിരവധി ട്രെയിനുകള്‍ റദ്ദാക്കി; ഗതാഗതം ഉടന്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ

തൃശൂര്‍: തൃശൂര്‍-പുതുക്കാട് റൂട്ടില്‍ പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിന്‍ നീക്കാനുള്ള ശ്രമം തുടരുന്നു. ഇത് കാരണം തകരാറിലായ ട്രെയിന്‍ ഗതാഗതം വൈകാതെ പുനസ്ഥാപിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. നിലവില്‍ ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ട്രെയിനുകള്‍ ഓടുന്നത്.

ഇന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും, ചിലത് പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ് എന്നിവ റദ്ദാക്കി. അതേസമയം മംഗലാപുരം-മുംബൈ മത്സ്യഗന്ധി എക്സ്പ്രസ് ഒരുമണിക്കൂര്‍ വൈകും. 2.15ന് പുറപ്പെടേണ്ട വണ്ടി 3.15ന് പുറപ്പെടുകയുള്ളൂ. കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്സ്പ്രസ് ഷൊര്‍ണൂര്‍ നിന്നും എറണാകുളം-പാലക്കാട് മെമു ആലുവയില്‍ നിന്നും പുറപ്പെടും. ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ് ഇന്ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറില്‍ നിന്ന് പുറപ്പെടും. തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ആറു വീതവും അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കും കൂടുതല്‍ ബസ് സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഏതു റൂട്ടിലും കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.