‘ട്രൂത്ത് സോഷ്യല്‍’: സ്വന്തം സോഷ്യല്‍ മീഡിയയുമായി ട്രംപ്; ഫേസ്ബുക്കിനും ട്വിറ്ററിനും ഭീഷണിയാവുമോ?

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ എന്ന പേരില്‍ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. ഉപയോക്താക്കളെ നിശബ്ദരാക്കില്ലെന്നും, അഭിപ്രായ പ്രകടനത്തിനും ഫ്രീ സ്പീച്ചിനുമുള്ള സമ്പൂര്‍ണ്ണ അവകാശവുമാണ് അദ്ദേഹം ഉറപ്പു നല്‍കുന്നത്. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ആണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുന്നത്. നിലവില്‍, ഈ വെബ്‌സൈറ്റിന്റെ ബീറ്റ ടെസ്റ്റ് നടക്കുകയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച്, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളാണ് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും മേധാവികള്‍. അതിനാല്‍, യു.എസ് പ്രസിഡന്റാണെന്നത് പോലും പരിഗണിക്കാതെ ഡൊണാള്‍ഡ് ട്രംപിന്റെ പല ട്വീറ്റുകളും നീക്കം ചെയ്യുകയും, അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും നേരത്തെ ചെയ്തിരുന്നു.

ഇതിന് തിരിച്ചടിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ശതകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപ്, പ്രസിഡന്റ് സ്ഥാനത്തിലുമുപരി, വന്‍കിട വ്യവസായ സമ്പത്ത് കൈവശം വച്ചിരിക്കുന്ന ഒരു ബിസിനസ് മാഗ്‌നറ്റാണ്. എത്ര കോടികള്‍ ചിലവിട്ടാലും, ട്വിറ്ററിനും ഫേസ്ബുക്കിനും കനത്ത വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അദ്ദേഹം രൂപം കൊടുത്ത് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.