പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിലെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
2,186 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിക്ക് കൈമാറി. പാലക്കാട് ടൗൺ സൗത്ത് സിഐയാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ആകെ 20 എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് പിടിയിലായത്. അതിൽ 10 പേരുടെ കുറ്റങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചതെന്ന് പോലീസ് അറിയിച്ചത്. കേസിലെ മറ്റ് പ്രതികൾക്കെതിരായ കുറ്റപത്രം പിന്നീട് സമർപ്പിക്കുമെന്നും എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ബന്ധം കൃത്യമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡിവൈഎസ്പി പിസി ഹരിദാസ് അറിയിച്ചു.