ആറ് കോടി രൂപയുടെ ബാധ്യത; സൈനിക സ്‌കൂള്‍ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്ത് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന കഴക്കൂട്ടം സൈനിക സ്‌കൂളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എത്തി. സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളാണ് ഇത്. സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌കൂളിലെ സാമ്പത്തിക പ്രതിസന്ധികള്‍ സംബന്ധിച്ച് മന്ത്രി ചര്‍ച്ച നടത്തിയത്.

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സൈനിക സ്‌കൂള്‍ സൊസൈറ്റിയാണ് സൈനിക സ്‌കൂളുകളിലെ ഭരണം നടത്തുന്നത്. കേന്ദ്രം മൂന്ന് കോടി രൂപ വീതം എല്ലാ വര്‍ഷവും നല്‍കാറുണ്ട്. എന്നാല്‍, സൈനിക സ്‌കൂളിന്റെ പ്രവര്‍ത്തന ചിലവ് സംസ്ഥാന സര്‍ക്കാര്‍ കൂടി വഹിക്കണമെന്ന് 2006 ല്‍ തീരുമാനമായിരുന്നു. നിലവില്‍ 6 കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത സ്‌കൂളിനുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് രക്ഷാകര്‍ത്താക്കളുടെ വരുമാനം 6 ലക്ഷമാക്കണമെന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും സൈനിക സ്‌കൂളിനെ പറ്റിയുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

അതേസമയം, ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍ മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ചിലവുകള്‍ എന്നിവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്ന വ്യവസ്ഥയെ കേരളം ആദ്യം അംഗീകരിച്ചില്ലായിരുന്നു. എന്നാല്‍, ധനമന്ത്രിയായിരുന്ന തോമസ് ഐസക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പക്ഷെ, ഇത് ബജറ്റ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി പോയി. കുടിശ്ശിക വന്നതോടെ കുട്ടികളില്‍ നിന്നുള്ള ഫീസും കൂട്ടി. ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെയാണ് വാര്‍ഷിക ഫീസായി കുട്ടികളില്‍ നിന്ന് ഈടാക്കുന്നത്. ഇനി ഫീസ് വര്‍ദ്ധിപ്പിക്കാനും സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 2 ന് സ്‌കൂളിലെ ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.