റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കാൻ നടപടി സ്വീകരിക്കും; റണ്ണിംഗ് കരാറുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: റോഡിൽ കുഴിയുണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അടയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. റണ്ണിംഗ് കരാറിന്റെ ഭാഗമായാണ് നടപടികൾ. സംസ്ഥാനത്ത് ആദ്യമായാണ് റണ്ണിംഗ് കരാർ ഏർപ്പെടുത്തുന്നത്. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്ക് വേണ്ടിയാണ് റണ്ണിംഗ് കരാർ നടപ്പിലാക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരനോ പുതിയ ആൾക്കോ കരാറെടുക്കാം. 24 മണിക്കൂറിനുള്ളിൽ റോഡ് നന്നാക്കിയില്ലെങ്കിൽ കരാറുകാരൻ പിഴ നൽകേണ്ടി വരും.

കരാറുകാരൻ വ്യവസ്ഥ ലംഘിച്ചാൽ ചെലവിന്റെ 10 ശതമാനം പിഴ വകുപ്പിൽ കെട്ടിവെക്കണം. തുടർച്ചയായി പത്തുതവണ വീഴ്ചവന്നാൽ കരാർ റദ്ദാക്കും. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 137.41 കോടിയാണ് അനുവദിച്ചത്. 117 പദ്ധതികളിലായി 2481.5 കിലോമീറ്റർ റോഡിന്റെ പരിപാലനത്തിനാണ് ആദ്യഘട്ടത്തിൽ തുക ചെലവഴിക്കുക. അതേസമയം ടെൻഡറായ പണികളിൽ വെള്ളിയാഴ്ച മുതൽ കരാർ ഒപ്പിട്ടുതുടങ്ങുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്.

ഒരു വർഷത്തേക്കോ അതിൽ താഴെയോ കാലയളവിലേക്ക് നൽകുന്ന കരാർ. അതത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെൻഡർ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. റോഡിന്റെ കേടുപാട് സംബന്ധിച്ച് ഫോണിലൂടെയോ നേരിട്ടോ അറിയിപ്പ് ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പണി തുടങ്ങണം. ഇല്ലെങ്കിൽ മറ്റ് ഏജൻസികൾ വഴി നന്നാക്കാനുള്ള സ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്കുണ്ട്. ആദ്യമെടുത്ത കരാറുകാരൻ പിഴയടയ്‌ക്കേണ്ടിവരും. 24 മണിക്കൂർ കണക്കാക്കാൻ രാത്രിയെന്നോ അവധി ദിവസമെന്നോ ഭേദമില്ല. ജല അതോറിറ്റിയോ മറ്റു സ്വകാര്യ ഏജൻസികളോ വഴി റോഡിനുണ്ടാകുന്ന നാശം കരാറുകാരൻ പരിഹരിക്കണം. 2.5 ചതുരശ്ര മീറ്ററിൽ കൂടാത്ത നാശമുണ്ടെങ്കിൽ പരിഹരിച്ചാൽ മതി. നന്നാക്കി ആറുമാസത്തിനുള്ളിൽ വീണ്ടും തകരാറുണ്ടായാൽ കരാറുകാരൻ സ്വന്തം ചെലവിൽ കരാർ കാലാവധി കഴിഞ്ഞാലും പരിഹരിക്കണമെന്നും റണ്ണിംഗ് കരാറിൽ നിർദ്ദേശിക്കുന്നു.