തിരുവനന്തപുരം: അബുദാബി ടൂറിസം സാംസ്‌കാരിക ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച.
വിനോദ സഞ്ചാര മേഖലയിൽ അബുദാബിയും കേരളവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ഉടൻ ഒപ്പ് വെക്കും. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഇത് വലിയ ഉണർവുണ്ടാക്കും എന്നതിൽ സംശയമില്ലെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു. സഹകരണം യാഥാർഥ്യമാവുന്നതോടെ കൂടുതൽ സഞ്ചാരികൾ യു.എ.ഇ.യിൽ നിന്നും, പ്രത്യേകിച്ച് അബുദാബിയിൽ നിന്നും കേരളത്തിലെത്തും. ഇത് വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ പ്രാധാന്യവും മഹിമയും മന്ത്രി മുഹമ്മദ് ഖലീഫക്ക് വിവരിച്ചു കൊടുത്തു. കേരളത്തിന്റെ പച്ചപ്പും പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നത്. ഈ മേഖലയിലുള്ള നിക്ഷേപ സാഹചര്യങ്ങളെ കുറിച്ചു മുഹമ്മദ് റിയാസ് വിശദീകരിച്ചു. വിനോദ സഞ്ചാര മേഖലയിലെ പരസ്പര സഹകരണം ഈ മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കും. കോവിഡിനെ തുടർന്നുണ്ടായ നിർജീവാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സഞ്ചാരികളെ യുഎഇയിൽ നിന്നും പ്രത്യേകിച്ച് അബുദാബിയിൽ നിന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മെയ് ആദ്യവാരം കൊച്ചിയിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ അതിഥിയായി പങ്കെടുക്കാൻ മന്ത്രി റിയാസ് അബുദാബി ടൂറിസം ഡിപ്പാർട്ട്‌മെന്റ് ചെയർമാനെ ക്ഷണിച്ചു.
വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ ഐ. എ.എസ്., അബുദാബി ചേംബർ വൈസ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു

