രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കങ്ങളും, വാര്‍ത്തകളും പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതെന്ന് കേന്ദ്രവാര്‍ത്താ വിതരണ സഹമന്ത്രി എല്‍. മുരുകന്‍ രാജ്യസഭയില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ധാര്‍മ്മികത കാത്തുസൂക്ഷിക്കണം. അച്ചടിമാദ്ധ്യമങ്ങള്‍വഴി രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ സ്വീകരിച്ചാല്‍ പ്രസ് കൗണ്‍സില്‍ നിയമ പ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. ബ്ലോക്ക് ചെയ്ത യൂട്യൂബ് ചാനലുകളെല്ലാം പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നവയാണ്. ജനുവരിയില്‍ 21 യൂട്യൂബ് ചാനലുകളും, ഡിസംബറില്‍ 20 യൂട്യൂബ് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്. ജനുവരിയില്‍ ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച രണ്ട് വെബ്സെറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഇതിന് പുറമേ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവക്കെതിരെയും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പഠനസഹായിയായ ആപ്പുകളിലൂടെ രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാന്‍ 2019 മുതല്‍ ഫാക്ട് ചെക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേബില്‍ നെറ്റ്വര്‍ക്ക്സ് റെഗുലേഷന്‍ നിയമം 1995 പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ഇലക്ടോണിക് മാധ്യമങ്ങളും പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.