സ്വന്തം അനുഭവം പുസ്തകത്തിൽ പങ്കുവയ്ക്കുന്നതിൽ തെറ്റുകാണാനാവില്ല; എം ശിവശങ്കറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ രചിച്ച പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം അനുഭവം പുസ്തകത്തിൽ പങ്കുവയ്ക്കുന്നതിൽ തെറ്റുകാണാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശിവശങ്കറിന്റെ പുസ്തകത്തിലെ ഉള്ളടക്കം വേദനിപ്പിച്ചവരുടെ പ്രതികരണം സ്വാഭാവികമാണ്. ശിവങ്കറിന്റെ പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സാങ്കേതികം മാത്രമാണ്. പുസ്തകത്തിൽ, സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെ ശക്തമായ ആരോപണങ്ങളാണ് ശിവശങ്കർ ഉന്നയിച്ചത്. അന്വേഷണ ഏജൻസികളും മാദ്ധ്യമലോകവും ചേർന്ന് ചില പരിപാടികൾ നടന്നിട്ടുണ്ട്. പുസ്തകത്തിൽ വിമർശനത്തിനിരയായവർക്ക് പ്രത്യേകതരം പക ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച കേസ് പോലീസ് അന്വേഷണത്തിലാണ്. അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാവില്ല. ആരുടെയും പക്ഷം പിടിച്ചല്ല, ന്യായാന്യായങ്ങൾ നോക്കിയാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.