തിരുവനന്തപുരം: സംസ്ഥാന സർക്കാർ അധികാരമേറിയിട്ട് ഒരു വർഷം തികയുന്നതിനോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനമായ മെയ് 20-ന് അവസാനിക്കുന്ന വിധത്തിലാണ് പരിപാടി നടപ്പാക്കുക. ആദ്യ നൂറുദിന പരിപാടി 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് നടപ്പാക്കിയിരുന്നത്. മുൻ സർക്കാരും രണ്ടു തവണയായി നൂറുദിന പരിപാടികൾ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കിയിരുന്നു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽ മേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികൾക്കും കഴിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 10 മുതൽ 2022 മെയ് 20 വരെയുള്ള കാലയളവിലെ നൂറുദിന പരിപാടിയിൽ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലും അടങ്ങിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് 5,87,000, ജലവിഭവവകുപ്പ് 3,91,282, തദ്ദേശസ്വയംഭരണ വകുപ്പ് 7,73,669 എന്നിങ്ങനെ തൊഴിൽദിനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിർമ്മാണ പ്രവൃത്തികളിലൂടെയുള്ള തൊഴിൽ ദിനങ്ങളായതിനാൽ അതിഥി തൊഴിലാളികൾക്കും ഇതിലെ ഒരു പങ്ക് സ്വാഭാവികമായി ലഭ്യമാകും.
നിർമ്മാണ പ്രവൃത്തികളെ ആസ്പദമാക്കിയുള്ള തൊഴിൽ ദിനങ്ങൾക്ക് പുറമെ പ്രത്യക്ഷവും പരോക്ഷവുമായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ 4,64,714 ആണ്. ഇതിൽ കൃഷി വകുപ്പ് 1,12,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 56,500 പരോക്ഷ തൊഴിലവസരങ്ങളും വനംവകുപ്പ് സാമൂഹ്യ വനവത്ക്കരണ പദ്ധതിയിലൂടെ (എം.ജി.എൻ.ആർ.ഇ.ജി.എസ്സ്) 93,750 തൊഴിലവസര ങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
സർക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ തുടക്കം ഉന്നത നിലവാരത്തിലുള്ള 53 സ്‌കൂളുകൾ നാടിന് സമർപ്പിച്ചു കൊണ്ടാണ്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി നിരവധി സ്‌കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും മികവിൻറെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി തുടരും.
ഈ നൂറു ദിവസത്തിനുള്ളിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ 100 കുടുംബങ്ങൾക്ക് വീതവും 30,000 സർക്കാർ ഓഫീസുകൾക്കും കെ ഫോൺ കണക്ഷൻ നൽകും. ഗ്രാമനഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻറർനെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻറർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെഫോൺ പദ്ധതി അതിവേഗതയിൽ പുരോഗമിക്കുകയാണ്. 2019 ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻറെ ലക്ഷ്യത്തോട് അടുക്കുകയാണ്.
ലൈഫ് മിഷൻ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തിൽ നിർവ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതിൽപ്പടി സേവനം ആരംഭിക്കും.
അതിദാരിദ്ര്യ സർവ്വേ മൈക്രോപ്ലാൻ പ്രസിദ്ധീകരിക്കും. എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ തുറക്കും. എല്ലാവരുടെയും റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂരഹിതരായ 15,000 പേർക്ക് പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ അളവുകൾ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റൽ സർവ്വേ തുടങ്ങും.
ജനങ്ങൾക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നൽകുന്ന പദ്ധതി ആരംഭിക്കും. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. 10,000 ഹെക്ടറിൽ ജൈവ കൃഷി തുടങ്ങും. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സ്, കേരള പോലീസ് അക്കാദമിയിൽ ആരംഭിക്കുന്ന പോലീസ് റിസർച്ച് സെന്റർ, മലപ്പുറത്ത് സ്ത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം നടത്തും. പുതിയ 23 പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും.
തവനൂർ സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിക്കും. കുട്ടനാട് പാക്കേജ് ഫേസ് 1 ൻറെ ഭാഗമായി പഴുക്കാനില കായൽ ആഴം കൂട്ടലും വേമ്പനാട് കായലിൽ ബണ്ട് നിർമ്മാണവും തുടങ്ങും.കോട്ടയത്തെ കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, എറണാകുളത്തെ ആമ്പല്ലൂർ, തിരുവനന്തപുരത്തെ കാട്ടാക്കട, നഗരൂർ, കൊല്ലത്തെ കരീപ്ര എന്നീ കുഴൽകിണർ കുടിവെള്ള വിതരണ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പിന് കീഴിൽ 2,500 പഠനമുറികൾ ഒരുക്കും. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വഴി പ്രവാസികൾക്കുള്ള റിട്ടേൺ വായ്പ പദ്ധതി നടപ്പാക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണോദ്ഘാടനം നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പ് 150 വിദ്യാർത്ഥികൾക്ക് നവകേരള ഫെല്ലോഷിപ്പ് വിതരണം ആരംഭിക്കും.
18 വയസ്സ് പൂർത്തിയായ ഭിന്നശേഷിക്കാർക്ക് ജീവനോപാധി കണ്ടെത്താനും അതുവഴി സ്വയം പര്യാപ്തരാകാനും സഹായിക്കുന്ന എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ഇടുക്കിയിൽ എൻ സി സിയുടെ സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതികളുടെ നിർമ്മാണമാരംഭിക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയുടെ ഭാഗമായുള്ള 1,500 റോഡുകളുടെ ഉദ്ഘാടനം നടത്തും.
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പ്രവാസിഭദ്രത പരിപാടി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. 75 പാക്‌സ് കാറ്റാമറൈൻ ബോട്ടുകളുടെ ഉദ്ഘാടനം
നിർവ്വഹിക്കും.
മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാനവും പുനർഗേഹം പദ്ധതി വഴി നിർമ്മിച്ച 532 ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനാവും നടത്തും. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് യാഥാർഥ്യമാകുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്തും സർക്കാരിന് ഉണർന്നു പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.