പാലക്കാട്: ആശങ്കകള്‍ക്ക് വിരാമമിട്ട് കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം സമ്പൂര്‍ണമായി വിജയം കണ്ടപ്പോള്‍ ബാബുവിന്റെ മനോധൈര്യവും ഇച്ഛാശക്തിയും അതില്‍ തെളിഞ്ഞു നിന്നു. കഴിഞ്ഞ 46 മണിക്കൂറിലധികമായി മലമ്പുഴ-ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്ന് രാവിലെ 10.20 ഓടെ ആര്‍മി സംഘം മലമുകളിലെത്തിച്ചു. ശേഷം ഹെലികോപ്ടറിലൂടെ എയര്‍ലിഫ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വെള്ളവും, ഭക്ഷണവുമില്ലാതെ ചെങ്കുത്തായ മലയിടുക്കില്‍ കുടുങ്ങിയ പാറക്കെട്ടില്‍ മലമ്പുഴ ചെറാട് സ്വദേശി ആര്. ബാബുവിനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ദൗത്യസംഘം രക്ഷപെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര് ബാബുവിനരികെയെത്തി കയറിട്ട് മലയുടെ മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഇന്നലെ ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡ്രോണില്‍ കെട്ടിവെച്ച് ഇളനീര്‍വെള്ളം ബാബുവിന്റെ അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെവീണു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ബംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റില്‍നിന്നുള്ള ഇരുപതംഗ സംഘമെത്തിയതോടെയാണ് ബാബുവിന് വെള്ളം എത്തിക്കാനും റോപ്പ് ഉപയോഗിച്ച് ഉയര്‍ത്താനും സാധിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴിയില്‍ വെച്ച് കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാള്‍ കുടുങ്ങിയത്. മുകളില്‍നിന്നും താഴെനിന്നും നോക്കിയാല്‍ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെ ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടിരുന്നു. അഗ്നിരക്ഷാസേന, സിവില്‍ഡിഫന്‍സ് വൊളന്റിയര്‍മാര്‍, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയവരോടൊപ്പം പലരും സഹായം നല്കി ദൗത്യത്തില്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും നല്കാന് സന്നദ്ധ സംഘടനകളും സ്ഥലത്തുണ്ടായിരുന്നു.

