ദുബായ്: കേരളത്തിലെ ടൂറിസം മേഖലയിൽ വൻ നിക്ഷേപ സാധ്യതകളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തുടങ്ങുന്ന കേരള ടൂറിസം ആകർഷകമായ വിനോദസഞ്ചാര പദ്ധതികളും നിരവധി നിക്ഷേപ സാധ്യതകളുമായി സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് എക്‌സ്‌പോയിലെ കേരള വീക്കിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം ഉൾപ്പെടെയുള്ള പ്രധാന മേഖലകളുടെ വളർച്ചയ്ക്കായി യുഎഇയിലെ പ്രവാസി മലയാളി നിക്ഷേപകരുമായുള്ള പങ്കാളിത്തത്തിന് കേരളത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുത്തൻ അനുഭവം പ്രദാനം ചെയ്യുന്ന കാരവൻ ടൂറിസം, അറിയപ്പെടാത്തതും എന്നാൽ ആകർഷണീയമായതുമായ പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരൽ, മലബാർ പ്രദേശത്തെ ടൂറിസം സാധ്യതകളുടെ പര്യവേഷണം, സുരക്ഷിതമായ സാഹസിക ടൂറിസം, അനുഭവവേദ്യ ടൂറിസം തുടങ്ങിയവയാണ് ആകർഷകമായ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രധാന മേഖലകകളെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മികച്ച വിനോദാനുഭവങ്ങളിൽ ഒന്നായ കായൽ ടൂറിസത്തിനു പുറമേ ടൂറിസം സൗകര്യങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, കാരവൻ പാർക്കുകൾ, ഫാംസ്റ്റേകൾ, സാഹസിക ടൂറിസം, ടൂർ ഓപ്പറേഷൻ എന്നിവയിൽ വലിയ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നത്. സംസ്ഥാനത്ത് നിക്ഷേപത്തിനായി മുന്നോട്ടുവരുന്നവർക്ക് കാലതാമസം കൂടാതെ തന്നെ ആവശ്യമായ അനുമതി നൽകുന്നതിനുള്ള നിക്ഷേപ സൗഹൃദ സംവിധാനം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് എക്‌സ്‌പോയിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വേണു വി, ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ തുടങ്ങിയവരും പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം യു.എ.ഇയും ഇന്ത്യയുമുൾപ്പെടെ ഏഴോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന Dnata Travel Leisure ജനറൽ മാനേജർ എമിലി ജൻകിസുമായും, മിഡിൽ ഈസ്റ്റ് സീനിയർ മാനേജർ പിയൂഷ് മിനോച്ചെയുമായും ദുബായിയിൽ വെച്ച് മന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേരള ടൂറിസത്തിന്റെ ട്രാവലിംഗ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകളെ കുറിച്ച് ഇവരുമായി മന്ത്രി ചർച്ച ചെയ്തു.

